സഹ സന്യസ്തരെ രക്ഷിക്കാൻ കടലിൽ ചാടി; ബ്രസീലിയൻ കന്യാസ്ത്രീക്ക് ഇറ്റലിയിൽ മരണം

സഹ സന്യസ്തരെ രക്ഷിക്കാൻ കടലിൽ ചാടി; ബ്രസീലിയൻ കന്യാസ്ത്രീക്ക് ഇറ്റലിയിൽ മരണം

റോം: കടലിൽ മുങ്ങിത്താഴ്ന്ന സഹ സന്യസ്തരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബ്രസീലിയൻ കന്യാസ്ത്രീക്ക് മരണം. 'കാർമെലൈറ്റ് മെസഞ്ചേഴ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റ്' സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ നാദിർ സാന്റോസ് ഡാ സിൽവയാണ് (45) ഇറ്റലിയിലെ സിസിലിയിലുണ്ടായ അപകടത്തിൽ ജീവത്യാഗം ചെയ്തത്.

മെയ് 11 നായിരുന്നു സംഭവം. സന്യാസ സമൂഹത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു സിസ്റ്റർ നാദിർ. കടൽത്തീരത്ത് ആഴം കുറഞ്ഞ ഭാഗത്തുനിന്ന മൂന്ന് കന്യാസ്ത്രീകൾ പെട്ടെന്നുണ്ടായ ശക്തമായ തിരമാലകളിൽപ്പെട്ട് ആഴത്തിലേക്ക് ഒഴുക്കപ്പെടുകയായിരുന്നു.

സഹായത്തിനായുള്ള ഇവരുടെ നിലവിളി കേട്ട സിസ്റ്റർ നാദിർ ഉടൻ തന്നെ കടലിലേക്ക് ചാടിവീണു. മുങ്ങിത്താഴുകയായിരുന്ന ഒരു കന്യാസ്ത്രീയെ തല വെള്ളത്തിന് മുകളിലേക്ക് ഉയർത്തിപ്പിടിച്ച് അവർ സുരക്ഷിതമായി കരയിലെത്തിച്ചു. തുടർന്ന് മറ്റുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സിസ്റ്റർ വെള്ളത്തിൽ ബോധരഹിതയായി വീഴുകയായിരുന്നുവെന്ന് സഹസന്യസ്തയായ സിസ്റ്റർ അന പൗള പറഞ്ഞു.

ഉടൻ തന്നെ രക്ഷാപ്രവർത്തകർ സിസ്റ്ററെ കരയ്ക്കെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്നേഹിതന് വേണ്ടി ജീവൻ ബലി നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന ക്രിസ്തുവചനം അന്വർത്ഥമാക്കിയാണ് സിസ്റ്ററുടെ വേർപാടെന്ന് സഭാംഗങ്ങൾ അനുസ്മരിച്ചു.

1980 ഓഗസ്റ്റ് 10 ന് ബ്രസീലിലെ ബഹിയയിൽ ജനിച്ച സിസ്റ്റർ നാദിർ, സന്യാസ ദീക്ഷ സ്വീകരിച്ച ശേഷം വിവിധയിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ഇറ്റലിയിലെത്തിയ അവർ സിസിലിയിലെ കാറ്റാനിയയ്ക്ക് സമീപമുള്ള സാൻ ജിയോവന്നി ലാ പുന്തയിൽ സേവനം ചെയ്തു വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.