ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സൈനിക മേധാവി ഇസ അല്‍ ദിന്‍ അല്‍ ഹദ്ദാദ് കൊല്ലപ്പെട്ടു

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സൈനിക മേധാവി ഇസ അല്‍ ദിന്‍ അല്‍ ഹദ്ദാദ് കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഹമാസിന്റെ സൈനിക മേധാവി ഇസ അല്‍ ദിന്‍ അല്‍ ഹദ്ദാദിനെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഗാസ സിറ്റിയില്‍ വെള്ളിയാഴ്ച നടന്ന ശക്തമായ ആക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ അവശേഷിച്ച അവസാനത്തെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളാണ് ഇതോടെ ഇല്ലാതായതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു.

മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പരമോന്നത നേതൃത്വത്തിലേക്ക് ഹദ്ദാദ് എത്തിയത്. തകര്‍ച്ച നേരിട്ട ഹമാസിനെ മുന്നില്‍ നിന്ന് നയിച്ച് ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങള്‍ ഏകോപിപ്പിച്ചത് ഇയാളായിരുന്നു. ഇസ്രയേലിലെ സാധാരണക്കാര്‍ക്കും സൈനികര്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഹദ്ദാദിന് പങ്കുണ്ടെന്ന് ഇസ്രയേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്രയേലില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന ബന്ദികളെ പാര്‍പ്പിച്ചിരുന്ന കേന്ദ്രങ്ങളുടെ പൂര്‍ണമായ നിയന്ത്രണം ഹദ്ദാദിനായിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേലിന്റെ തിരിച്ചടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ദികളെ ഇയാള്‍ മനുഷ്യ കവചമായി ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹദ്ദാദിനൊപ്പം ഹമാസിന്റെ മറ്റ് രണ്ട് പ്രമുഖ നേതാക്കളും വ്യത്യസ്തമായ സൈനിക നീക്കങ്ങളില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.

1980 കളില്‍ ഹമാസ് രൂപീകരണ കാലം മുതല്‍ സംഘടനയില്‍ സജീവമായ വ്യക്തിയാണ് ഹദ്ദാദ്. ഏറ്റവും കൂടുതല്‍ കാലം ഹമാസിനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഇയാള്‍ക്ക് സംഘടനയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഹദ്ദാദിന്റെ മരണം ഹമാസിന്റെ സൈനിക ശേഷിക്കും നിലനില്‍പ്പിനും ഏല്‍പ്പിച്ച ഏറ്റവും വലിയ ആഘാതമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം ഗാസയിലെ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.