മോസ്‌കോയ്ക്ക് നേരെ ഉക്രെയ്ന്റെ കനത്ത ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യന്‍ പൗരനും

മോസ്‌കോയ്ക്ക് നേരെ ഉക്രെയ്ന്റെ കനത്ത ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യന്‍ പൗരനും

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി ഉക്രെയ്ന്‍ നടത്തിയ അതിശക്തമായ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ തൊഴിലാളി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് ഒരു സ്ത്രീയും, പൊഗോറെല്‍കി ഗ്രാമത്തില്‍ രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര്‍.

ആക്രമണത്തില്‍ മറ്റ് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മോസ്‌കോ ലക്ഷ്യമാക്കി എത്തിയ 81 ഡ്രോണുകള്‍ റഷ്യന്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഔദ്യോഗിക റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ 'ടാസ്' (TASS) റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ എണ്ണ ശുദ്ധീകരണ ശാലകളും എണ്ണ പമ്പിങ് സ്റ്റേഷനുകളും ലക്ഷ്യമിട്ടാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന് ഉക്രെയ്ന്‍ സുരക്ഷാ സേനയും വ്യക്തമാക്കി.

യുദ്ധം ആരംഭിച്ച് ഇത്രയും നാളുകള്‍ക്കിടയില്‍ ഇരുപക്ഷവും നടത്തുന്ന ഏറ്റവും വലിയ ഡ്രോണ്‍ വേട്ടയ്ക്കാണ് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്. റഷ്യയിലുടനീളം വിവിധ മേഖലകളിലായി പറന്നിറങ്ങിയ 556 ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം തങ്ങള്‍ക്കെതിരെ റഷ്യ തൊടുത്തുവിട്ട 287 ഡ്രോണുകളില്‍ 279 എണ്ണവും വിജയകരമായി വെടിവെച്ചിട്ടതായി ഉക്രെയ്ന്‍ വ്യോമ സേനയും അറിയിച്ചു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ റഷ്യ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ നയതന്ത്ര സഹായങ്ങളും ചികിത്സയും ലഭ്യമാക്കാന്‍ എംബസി അധികൃതര്‍ രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.