ആലപ്പോ: സിറിയയില്‍ ആഭ്യന്തര യുദ്ധം കൊടുംപിരി കൊണ്ട ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകര്‍ന്ന് നിലക്കൊണ്ട ആലപ്പോ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ജീന്‍ ക്ലെമന്റ് ജീന്‍ബര്‍ട് (83) അന്തരിച്ചു.
1943 ല്‍ ആലപ്പോയിലെ മെല്‍ക്കൈറ്റ് കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ജീന്‍ബര്‍ട് മാതാപിതാക്കളുടെ 12 മക്കളില്‍ ആറാമനായിരുന്നു. 1968 ല്‍ തിരുപ്പട്ടം സ്വീകരിച്ച അദേഹം യുവജനങ്ങള്‍ക്കായുള്ള വിവിധ ശുശ്രൂഷകളിലൂടെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. 1995 സെപ്റ്റംബര്‍ 16 ന് മെത്രാനായി അഭിഷിക്തനായി.
സിറിയന്‍ യുദ്ധകാലത്ത് പലരും രാജ്യം വിട്ടുപോയപ്പോള്‍ പോലും ആലപ്പോ വിട്ടു പലായനം ചെയ്യാന്‍ ബിഷപ്പ് ജീന്‍ ക്ലെമന്റ് തയാറായില്ല. ബോംബാക്രമണങ്ങളും നാശനഷ്ടങ്ങളും നാടിനെ വേട്ടയാടിയപ്പോഴും സഭയുടെ മേല്‍ തനിക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞു അദേഹം അവിടെ തന്നെ തുടര്‍ന്നു. സര്‍വ്വതും നഷ്ട്ടപ്പെട്ട വിശ്വാസികളെ ചേര്‍ത്തു പിടിച്ചും 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' സംഘടന വഴി സഹായങ്ങള്‍ ലഭ്യമാക്കിയും അദേഹം തന്റെ ഇടയധര്‍മം നിര്‍വ്വഹിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച ഇരുണ്ട നാളുകളില്‍ വിശ്വാസികള്‍ക്ക് പ്രത്യാശയുടെ പ്രതീകമായിരുന്ന ആര്‍ച്ച് ബിഷപ്പ,് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്‍പ്പിനായുള്ള ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.