യേശുവിൻ്റെ സ്വർഗാരോഹണം പണ്ടെങ്ങോ നടന്ന ഒരു സംഭവമല്ല മനുഷ്യൻ്റെ ചിന്തകൾക്ക് ദിശാബോധം നൽകുന്ന ഇന്നും പ്രസക്തമായ ഒരു യാഥാർത്ഥ്യമാണ്: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

യേശുവിൻ്റെ സ്വർഗാരോഹണം പണ്ടെങ്ങോ നടന്ന ഒരു സംഭവമല്ല മനുഷ്യൻ്റെ ചിന്തകൾക്ക് ദിശാബോധം നൽകുന്ന ഇന്നും പ്രസക്തമായ ഒരു യാഥാർത്ഥ്യമാണ്: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: കർത്താവിൻ്റെ സ്വർഗാരോഹണം നമ്മെ പിതാവായ ദൈവത്തിലേക്ക് അടുപ്പിക്കുകയും നമ്മുടെ ഇടയിൽ കൂട്ടായ്മയും സമാധാനവും കെട്ടിപ്പടുക്കുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും സ്വർഗാരോഹണ തിരുനാൾ ആഘോഷിച്ച ഞായറാഴ്ച, വത്തിക്കാനിൽ എത്തിച്ചേർന്ന തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.

ക്രിസ്തുവിൻ്റെ ജീവിതം മുഴുവൻ സ്വർഗാരോഹണത്തെ ലക്ഷ്യം വച്ചുള്ള ഒരു പ്രയാണമായിരുന്നു. തൻ്റെ മനുഷ്യത്വത്തിലൂടെ അവിടന്ന് ലോകത്തെ മുഴുവൻ ആശ്ലേഷിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. അവിടന്ന് മനുഷ്യരെ അവരുടെ പാചാവസ്ഥയിൽനിന്ന് ഉയർത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നു - പാപ്പാ പറഞ്ഞു.

യേശു ഭൂമിയിൽനിന്ന് ഉയർത്തപ്പെടുകയും സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്ത ദിവ്യരഹസ്യം പണ്ടെങ്ങോ നടന്ന ഒരു സംഭവമായല്ല നാം മനസ്സിലാക്കേണ്ടത്, പിന്നെയോ, അത് ഇന്നും പ്രസക്തമായ ഒരു യാഥാർത്ഥ്യമാണ്. ശിരസ്സിനോട് ബന്ധപ്പെട്ടിരിക്കുന്ന ഒരേ ശരീരത്തിലെ അംഗങ്ങൾ എന്ന നിലയിൽ നാം യേശുവിനോട് ഐക്യപ്പെട്ടിരിക്കുന്നു. അങ്ങനെ, പിതാവുമായുള്ള പൂർണമായ കൂട്ടായ്മയിൽ യേശുവിനോടൊപ്പം നാം പങ്കുചേരുകയും ചെയ്യുന്നു.

സ്വർഗീയ മഹത്വത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു

നമ്മെ സ്വർഗീയ മഹത്വത്തിലേക്ക് അടുപ്പിക്കുന്ന ജീവനുള്ള ഒരു ബന്ധത്തെക്കുറിച്ചാണ് സ്വർഗാരോഹണം സംസാരിക്കുന്നത്. ഇത്, ഈ ജീവിതത്തിൽ തന്നെ നമ്മുടെ ചക്രവാളത്തെ ഉയർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം, നമ്മുടെ ചിന്താഗതിക്കും അനുഭവങ്ങൾക്കും ദിശാബോധം നൽകി ദൈവത്തിൻ്റെ ഹൃദയത്തിന് ചേർന്നവിധം പ്രവർത്തിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

നമുക്കായി ജീവൻ നൽകുകയും തൻ്റെ മാതൃകയിലൂടെ നമ്മെ പഠിപ്പിക്കുകയും ചെയ്ത യേശുവിലൂടെയാണ് ആരോഹണത്തിന്റെ ഈ മാർഗമെന്ന് നാം തിരിച്ചറിയുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിലും സാർവത്രിക സഭ ഉത്തമ മാതൃകകളായി ഉയർത്തിക്കാട്ടുന്ന വിശുദ്ധരുടെ ജീവിതങ്ങളിലും സ്വർഗ്ഗത്തിലേക്കുള്ള ആരോഹണത്തിന്റെ ഈ പാത തന്നെയാണ് പ്രതിഫലിക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയും.

ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു പറയാറുണ്ടായിരുന്നതുപോലെ, സന്തോഷത്തോടും പ്രതിബദ്ധതയോടും കൂടെ സുവിശേഷമനുസരിച്ച് ജീവിക്കാൻ പ്രയത്നിക്കുന്ന എല്ലാവരിലും ഈ മാതൃക കണ്ടെത്താൻ നമുക്ക് സാധിക്കും. അവരിൽ മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും വിവിധ പ്രായങ്ങളിലും സാഹചര്യങ്ങളിലുമുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുമെല്ലാം ഉൾപ്പെടുന്നു.

കൂട്ടായ്മയുടെയും സമാധാനത്തിന്റെയും ഫലങ്ങൾ

സ്വർഗത്തിലേക്കുള്ള ഈ ആരോഹണ പാതയിൽ അനുദിനം ഉയരേണ്ടത് എങ്ങനെയെന്ന് പഠിക്കാൻ നമുക്ക് സാധിക്കുന്നത് പരസ്പരമുള്ള പിന്തുണയിലൂടെയും പ്രാർത്ഥനയിലൂടെയുമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വിശുദ്ധ പൗലോസ് പറയുന്നതുപോലെ, '...സത്യവും നീതിയുക്തവും സ്നേഹാര്‍ഹവുമായ എല്ലാ കാര്യങ്ങളിലും...(ഫിലിപ്പി 4 : 8) നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

മാമോദീസയിലൂടെ നമുക്കു ലഭിച്ച ദൈവീകജീവൻ, ഉയരങ്ങളിലേക്ക്, ദൈവപിതാവിലേക്ക് നമ്മെ നിരന്തരം അടുപ്പിക്കുന്നു. ആ ദൈവീകജീവൻ നമ്മുടെ ഉള്ളിലും നമുക്കു ചുറ്റിലും വളർന്ന്, ലോകത്തിൽ കൂട്ടായ്മയുടെയും സമാധാനത്തിന്റെയും വിലയേറിയ ഫലങ്ങൾ വ്യാപിപ്പിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.