ടെഹ്റാന്‍: അമേരിക്കയും ഇസ്രയേലും മുന്നോട്ട് വെച്ച കടുത്ത സമാധാന വ്യവസ്ഥകളില്‍ ഒന്നിന്മേല്‍ കര്‍ശന നിലപാടുമായി ഇറാന്‍. രാജ്യത്തിന്റെ പക്കലുള്ളസ മ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയയ്ക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്താബ ഖൊമേനി പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യു.എസ് മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിലെ സമാധാന ചര്‍ച്ചകളില്‍ ഇറാന്റെ പക്കലുള്ള 400 കിലോഗ്രാമിലധികം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂര്‍ണമായും രാജ്യാന്തര സമൂഹത്തിന് കൈമാറണമെന്നും, ആണവ പ്രവര്‍ത്തനങ്ങള്‍ ഒരൊറ്റ നിലയത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുദ്ധം മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടും ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ചിരുന്നു.
എന്നാല്‍ പരമോന്നത നേതാവിന്റെ പുതിയ നിര്‍ദേശവും ഭരണകൂടത്തിലെ ഭൂരിപക്ഷാഭിപ്രായവും അനുസരിച്ച്, യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റുന്നത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും യു.എസിന്റെയും ഇസ്രയേലിന്റെയും ഭാവി ആക്രമണങ്ങള്‍ക്ക് ഇത് വഴിതുറക്കുമെന്നുമാണ് ഇറാന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ തങ്ങളുടെ യുറേനിയം ശേഖരം കൈമാറാന്‍ സമ്മതിച്ചതായും ഇരുപക്ഷവും സമാധാന ഉടമ്പടിയോട് അടുത്തു കഴിഞ്ഞതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവായുധ നിര്‍മ്മാണ ശേഷി പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തില്‍ യുറേനിയം ശേഖരം പുറത്തെത്തിക്കുമെന്ന് ട്രംപ് ഇസ്രയേലിന് ഉറപ്പ് നല്‍കിയിരുന്നതായി ഇസ്രയേലി ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.