വാഷിങ്ടണ്‍: ഫെബ്രുവരിയില്‍ ആരംഭിച്ച യു.എസ്-ഇറാന്‍ സൈനിക ആക്രമണങ്ങള്‍ക്ക് വിരാമമിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാര്‍ അന്തിമ ഘട്ടത്തിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള സമ്പദ്‌വ്യവസ്ഥയെ നിശ്ചലമാക്കിയ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കി കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായും ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
യു.എസുമായുള്ള സമാധാന ഉടമ്പടിയുടെ കരട് ചട്ടക്കൂട് അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം ഇറാനും സ്ഥിരീകരിച്ചിരുന്നു. താല്‍കാലിക വെടിനിര്‍ത്തലിന് പിന്നാലെ ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്ന 60 ദിവസത്തെ ഈ പുതിയ ധാരണാ പത്രം മേഖലയിലെ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള ആദ്യപടിയാണ്. വെള്ളിയാഴ്ച പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറും ഖത്തറില്‍ നിന്നുള്ള ഉന്നത നയതന്ത്ര പ്രതിനിധികളും ടെഹ്‌റാനിലെത്തി ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകളാണ് മാസങ്ങളായി നീണ്ടുനിന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കിയത്. പാകിസ്ഥാനും ഖത്തറും മുന്നോട്ടുവെച്ച പരിഷ്‌കരിച്ച സമാധാന നിര്‍ദേശങ്ങള്‍ ഇരു വിഭാഗവും അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന.
ശനിയാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപ് ഗള്‍ഫ് സഖ്യകക്ഷികളുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍, ബഹ്റിന്‍ എന്നി രാജ്യങ്ങളുടെ തലവന്മാരും പാക് സൈനിക മേധാവിയും ഈ സംയുക്ത ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനുപുറമെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ട്രംപ് സംസാരിച്ചു. ചര്‍ച്ചകള്‍ ഏറെ വിജയകരമായിരുന്നുവെന്നും കരാറിന്റെ അവസാനവട്ട വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 60 ദിവസത്തെ സമാധാന പാക്കേജില്‍ ഇരുപക്ഷവും വലിയ വിട്ടുവീഴ്ചകള്‍ക്കാണ് തയ്യാറായിട്ടുള്ളത്. ഇതില്‍ പ്രധാനം ഹോര്‍മുസ് കടലിടുക്ക് തുറക്കും എന്നതാണ്. ഇറാന്‍ വിന്യസിച്ച കടല്‍മൈനുകള്‍ നീക്കം ചെയ്യുകയും അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ടോള്‍ ഇല്ലാതെ സ്വതന്ത്രമായി കടന്ന് പോകാന്‍ അനുവാദം നല്‍കുകയും ചെയ്യും.
അതേപോലെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത നാവിക ഉപരോധവും പിന്‍വലിക്കും. ഇറാന്‍ എണ്ണ വിപണനം പുനസ്ഥാപിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ യു.എസ് ഭാഗികമായി സാമ്പത്തിക ഉപരോധങ്ങള്‍ നീക്കും. കൂടാതെ വിദേശ ബാങ്കുകളില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന 25 ബില്യണ്‍ ഡോളറിന്റെ ഇറാനിയന്‍ ആസ്തികളും യു.എസ് വിട്ടുകൊടുത്തേക്കും. ഇറാന്‍ ആണവായുധ നിര്‍മാണ ശ്രമങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കണമെന്ന വ്യവസ്ഥയില്‍ 30 മുതല്‍ 60 ദിവസത്തിനകം പുതിയ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കും.
അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണമായ നിയന്ത്രണവും സുരക്ഷാ പരിശോധനാ അവകാശവും തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്ന് ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ അമേരിക്കയില്‍ ട്രംപിന്റെ ഈ നീക്കത്തിനെതിരെ ലിന്‍ഡ്‌സെ ഗ്രഹാം, ടെഡ് ക്രൂസ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തുടങ്ങിയ റിപ്പബ്ലിക്കന്‍ നേതാക്കള്‍ രംഗത്തെത്തി. കരാര്‍ ഇറാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വിമര്‍ശനം.
എങ്കിലും മാസങ്ങളായി തുടരുന്ന മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് താല്‍കാലിക ശമനമുണ്ടാക്കാനും ആഗോള ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനും പുതിയ ധാരണാ പത്രത്തിലൂടെ സാധിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.