ടെഹ്റാൻ: പശ്ചിമേഷ്യയിൽ താൽകാലിക വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ ബോട്ടുകളും ബന്ദർ അബ്ബാസിലെ പ്രമുഖ മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്.
അമേരിക്കൻ സൈനികർക്കെതിരെയുള്ള നേരിട്ടുള്ള ഭീഷണി തടയാനും തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുമാണ് ഈ അടിയന്തര നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കൻ യുദ്ധവിമാനങ്ങളെ ലക്ഷ്യം വെച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രത്തിന് പുറമെ കടലിടുക്കിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകളും ആക്രമണത്തിൽ പൂർണമായി തകർന്നു. ആക്രമണത്തെ തുടർന്ന് ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിലെ സൈനിക നടപടി നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമോ അതിന്റെ അവസാനമോ അല്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ആക്രമണം പരിമിതമായ തോതിൽ മാത്രമുള്ളതാണെന്നും ഇത് തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയ അമേരിക്ക നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ പൂർണമായി നശിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ആവശ്യം മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇടക്കാലത്ത് ശാന്തമായിരുന്ന പശ്ചിമേഷ്യൻ അന്തരീക്ഷം ഈ പുതിയ നീക്കത്തോടെ വീണ്ടും വഷളാകാനാണ് സാധ്യത. അമേരിക്കൻ വ്യോമാക്രമണങ്ങളോട് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ അമേരിക്കയ്‌ക്കെതിരെ ഇറാൻ പ്രത്യാക്രമണങ്ങൾക്ക് മുതിരുമോയെന്ന് വരും മണിക്കൂറുകളിൽ മാത്രമേ വ്യക്തമാകൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.