ഡിജിറ്റല്‍ പരസ്യ വിപണി ദേശീയ സുരക്ഷയ്ക്ക് ഭീഷണി; യു.എസ് സൈനികരുടെ നീക്കങ്ങള്‍ ശത്രുക്കള്‍ ചോര്‍ത്തുന്നതായി പെന്റഗണ്‍

ഡിജിറ്റല്‍ പരസ്യ വിപണി ദേശീയ സുരക്ഷയ്ക്ക് ഭീഷണി; യു.എസ് സൈനികരുടെ നീക്കങ്ങള്‍ ശത്രുക്കള്‍ ചോര്‍ത്തുന്നതായി പെന്റഗണ്‍

വാഷിങ്ടണ്‍: നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ പരസ്യ വിപണിയിലൂടെയും ചോരുന്ന വ്യക്തിഗത വിവരങ്ങള്‍ യുദ്ധക്കളത്തില്‍ അമേരിക്കന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ട്. യുദ്ധ മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് സൈനികരുടെ ഫോണുകളിലെ തത്സമയ ലൊക്കേഷന്‍ വിവരങ്ങള്‍ വിലയ്ക്ക് വാങ്ങി ശത്രുക്കള്‍ അവരെ കൃത്യമായി നിരീക്ഷിക്കാനും ലക്ഷ്യമിടാനും ഉപയോഗിക്കുന്നതായി യു.എസ് സൈനിക വക്താക്കള്‍ വെളിപ്പെടുത്തി.

ഗ്ലോബല്‍ സര്‍വൈലന്‍സ് ഇക്കോണമി എപ്രകാരമാണ് ആധുനിക യുദ്ധ മുഖങ്ങളെ സ്വാധീനിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണിത്. അമേരിക്കന്‍ സെനറ്റര്‍ റോണ്‍ വൈഡന്‍ പുറത്തുവിട്ട യു.എസ് സെന്ററല്‍ കമാന്‍ഡിന്റെ ഔദ്യോഗിക കത്തിലാണ് ഈ വിവരങ്ങളുള്ളത്.

മിഡില്‍ ഈസ്റ്റിലെ തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചിരിക്കുന്ന യു.എസ് സൈനികരുടെ വാണിജ്യ ലൊക്കേഷന്‍ വിവരങ്ങള്‍ ശത്രുക്കള്‍ ദുരുപയോഗം ചെയ്യുന്നതായി ഒന്നിലധികം സുരക്ഷാ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സെന്റകോം സമ്മതിക്കുന്നു. നിലവില്‍ ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി യു.എസും ഇറാനും തമ്മില്‍ കടുത്ത അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയും സെന്റകോമിന്റെ പരിധിയിലാണ് വരുന്നത്. യുദ്ധ മേഖലയില്‍ ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായതായി സൈന്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

സ്മാര്‍ട്ട് ഫോണുകളില്‍ നിന്നുള്ള ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സൈനികര്‍ എവിടെയാണ് ഒത്തുകൂടുന്നത് എന്നും അവരുടെ ദൈനംദിന നീക്കങ്ങള്‍ എങ്ങനെയെന്നും കൃത്യമായി മനസിലാക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കും. ഇത് ഉപയോഗിച്ച് സൈനികര്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും റോഡരികില്‍ ബോംബ് സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്ന് പെന്റഗണിന് അയച്ച കത്തില്‍ ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.

ഡിജിറ്റല്‍ പരസ്യ മേഖലയെ ഇനി ഒരു ദേശീയ സുരക്ഷാ ഭീഷണിയായി കാണേണ്ട സമയമായി എന്ന് സെനറ്റര്‍ റോണ്‍ വൈഡന്‍ പ്രതികരിച്ചു. മൊബൈല്‍ ആപ്പുകളും വെബ്സൈറ്റുകളും ശേഖരിക്കുന്ന ലൊക്കേഷന്‍ വിവരങ്ങള്‍ ഡാറ്റാ ബ്രോക്കര്‍മാര്‍ക്ക് മറിച്ചുവില്‍ക്കുകയും അവിടെ നിന്ന് സങ്കീര്‍ണമായ ഇടനിലക്കാര്‍ വഴി ശത്രു രാജ്യങ്ങളുടെ കൈകളില്‍ എത്തുകയുമാണ് ചെയ്യുന്നത്. മുന്‍പ് സിറിയയില്‍ വിന്യസിച്ച യു.എസ് പ്രത്യേക സേനയുടെ നീക്കങ്ങളും ജര്‍മ്മനിയിലെ 11 യു.എസ് സൈനിക താവളങ്ങളിലെ വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൈനികരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിരോധ വകുപ്പ് വേണ്ടത്ര വേഗത്തില്‍ നടപടിയെടുത്തില്ലെന്ന് കത്തില്‍ കടുത്ത വിമര്‍ശനമുണ്ട്. ഗൂഗിള്‍ ക്രോം പോലുള്ള ബ്രൗസറുകള്‍ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കാന്‍ വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടതാണ്. ഇത് യുദ്ധ മുഖത്തുള്ള സൈനികരുടെ ജീവന് നേരിട്ട് ഭീഷണിയാണെന്നും മുന്‍ ആര്‍മി ഓഫീസര്‍ പാറ്റ് ഹാരിഗന്‍ പറഞ്ഞു.

വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഈ സാഹചര്യം മറികടക്കാന്‍ പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. സൈനികര്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരസ്യ ഐഡികള്‍ പൂര്‍ണമായി ബ്ലോക്ക് ചെയ്യുക, ഫോണുകളിലെ തത്സമയ ലൊക്കേഷന്‍ ഷെയറിങ് സംവിധാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തന രഹിതമാക്കുക, ഡാറ്റ ചോര്‍ത്താന്‍ സാധ്യതയുള്ള ഗൂഗിള്‍ ക്രോമിന് പകരം കൂടുതല്‍ സ്വകാര്യത നല്‍കുന്ന മറ്റ് സുരക്ഷിത ബ്രൗസറുകളിലേക്ക് മാറുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

എന്നാല്‍ ക്രോം ബ്രൗസറിന് ലോകോത്തര നിലവാരത്തിലുള്ള മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നാണ് ആരോപണങ്ങളോട് ഗൂഗിള്‍ ഔദ്യോഗികമായി പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ യുദ്ധ മുഖത്തുള്ള സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ റിപ്പോര്‍ട്ട് കാരണമായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.