വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള സായുധ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ഷിക കരിമ്പട്ടികയില്‍ ഇസ്രയേല്‍, റഷ്യന്‍ സുരക്ഷാ സേനകളെ ആദ്യമായി ഉള്‍പ്പെടുത്തി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലില്‍ സമര്‍പ്പിക്കാനിരിക്കുന്ന 35 പേജുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് നയതന്ത്ര പ്രതിനിധികള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി യുഎന്‍ തയ്യാറാക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമ (Conflict-Related Sexual Violence -CRSV) റിപ്പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇസ്രയേല്‍ പ്രതിരോധ സേനയും റഷ്യന്‍ സൈന്യവും ഇടം പിടിക്കുന്നത്.
ലോകമെമ്പാടുമുള്ള യുദ്ധ മേഖലകളില്‍ 2024 നെ അപേക്ഷിച്ച് 2025 ല്‍ ലൈംഗികാതിക്രമ കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേല്‍, റഷ്യന്‍ സേനകള്‍ തടവിലാക്കപ്പെട്ടവര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ ഒരു പീഡനമുറയായി ഉപയോഗിച്ചതിന് കൃത്യമായ തെളിവുകളുണ്ടെന്ന് യുഎന്‍ വ്യക്തമാക്കി.

ഗാസയിലും വെസ്റ്റ് ബാങ്കിലും തടവിലാക്കപ്പെട്ട പാലസ്തീന്‍ സ്വദേശികളായ 14 പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, ഒന്‍പത് ആണ്‍കുട്ടികള്‍, ഒരു പെണ്‍കുട്ടി എന്നിവര്‍ക്കെതിരെ നടന്ന ക്രൂരമായ അതിക്രമങ്ങള്‍ യുഎന്‍ സ്ഥിരീകരിച്ചു. ബലാത്സംഗം, കൂട്ട ബലാത്സംഗം, ജനനേന്ദ്രിയങ്ങള്‍ക്ക് നേരെയുള്ള ശാരീരിക അക്രമങ്ങള്‍, നഗ്‌നരാക്കി നിര്‍ത്തല്‍, അനാവശ്യമായ ശരീര പരിശോധനകള്‍, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ ക്രൂരമായ അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്, ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ്, പ്രത്യേക പൊലീസ് വിഭാഗങ്ങളുമാണ് പ്രതിക്കൂട്ടില്‍ ഉള്ളത്.
ഉക്രെയ്ന്‍ അധിനിവേശ പ്രദേശങ്ങളിലും റഷ്യയിലെ തടങ്കല്‍ പാളയങ്ങളിലും ഉക്രെയ്ന്‍ യുദ്ധ തടവുകാര്‍ക്കും സാധാരണക്കാര്‍ക്കും നേരെ റഷ്യന്‍ സൈന്യം വ്യാപകമായ അതിക്രമങ്ങള്‍ നടത്തിയതായും യുഎന്‍ കണ്ടെത്തി. യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്ററിങ് മിഷന്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 310 അതിക്രമ കേസുകളാണ് റഷ്യക്കെതിരെ സ്ഥിരീകരിച്ചത്.
ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുക, ക്രൂരമായി മര്‍ദ്ദിക്കുക, പൊള്ളിക്കുക തുടങ്ങിയ പീഡനമുറകളാണ് റഷ്യന്‍ സൈന്യം പ്രയോഗിച്ചത്. ഇരയായവരില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു.
ലോകത്തെ 12 രാജ്യങ്ങളില്‍ നിന്നുള്ള 77 സര്‍ക്കാര്‍-ഇതര സായുധ ഗ്രൂപ്പുകളാണ് കരിമ്പട്ടികയില്‍ ഉള്ളത്. സുഡാന്‍, മ്യാന്‍മര്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങള്‍ക്കൊപ്പം ഇസ്രയേല്‍, റഷ്യന്‍ സേനകളും ഇപ്പോള്‍ ഈ പട്ടികയിലായി. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരരെ കഴിഞ്ഞ വര്‍ഷം തന്നെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ യുഎന്നിനെതിരെ കടുത്ത അമര്‍ഷവുമായി ഇരു രാജ്യങ്ങളും രംഗത്തെത്തി.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഓഫീസുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രയേല്‍ അടിയന്തരമായി മരവിപ്പിച്ചു. ഹമാസ്, ഐഎസ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കൊപ്പം ജനാധിപത്യ രാജ്യമായ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കിയത് യുഎന്നിന്റെ ധാര്‍മ്മിക തകര്‍ച്ചയാണെന്ന് യുഎന്നിലെ ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ കുറ്റപ്പെടുത്തി. ഗുട്ടെറസിന്റെ കാലാവധി അവസാനിക്കുന്ന 2026 ഡിസംബര്‍ 31 വരെ ഈ ബഹിഷ്‌കരണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമായ നുണകളാണെന്ന് യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബന്‍ സിയ പ്രതികരിച്ചു. റഷ്യയെ എപ്പോഴും വില്ലനായി ചിത്രീകരിക്കാനുള്ള യുഎന്നിന്റെ രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്നും ഉക്രെയ്ന്‍ സൈന്യം റഷ്യന്‍ തടവുകാരോട് ചെയ്യുന്ന ക്രൂരതകളെക്കുറിച്ച് റഷ്യ സ്വന്തം നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.