മനുഷ്യനില്ലാ മണ്ണായി ജപ്പാൻ മാറും? അഞ്ച് വർഷത്തിനിടെ അപ്രത്യക്ഷമായത് 30 ലക്ഷം പേർ; റെക്കോർഡ് ജനസംഖ്യാ തകർച്ച

മനുഷ്യനില്ലാ മണ്ണായി ജപ്പാൻ മാറും? അഞ്ച് വർഷത്തിനിടെ അപ്രത്യക്ഷമായത് 30 ലക്ഷം പേർ; റെക്കോർഡ് ജനസംഖ്യാ തകർച്ച

ടോക്കിയോ: ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനെ നടുക്കി റെക്കോർഡ് ജനസംഖ്യാ ഇടിവ്. വെള്ളിയാഴ്ച പുറത്തുവിട്ട രാജ്യത്തെ പ്രാഥമിക സെൻസസ് കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജപ്പാനിലെ ജനസംഖ്യയിൽ 2.5 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1920 ൽ ജപ്പാനിൽ ഔദ്യോഗികമായി സെൻസസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ജനസംഖ്യാ തകർച്ചയാണിത്.

ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടത്തുന്ന ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം 2025ൽ ജപ്പാനിലെ ജനസംഖ്യ 12.3 കോടിയായി ചുരുങ്ങി. 2020 ൽ നടന്ന മുൻ സെൻസസിനെ അപേക്ഷിച്ച് 30 ലക്ഷത്തിലധികം ആളുകളുടെ കുറവാണ് ഇത്തവണ മാത്രം ഉണ്ടായിരിക്കുന്നത്. 2015 നും 2020 നും ഇടയിൽ രേഖപ്പെടുത്തിയ ജനസംഖ്യാ തകർച്ചയുടെ മൂന്നിരട്ടി വേഗതയിലാണ് ഇപ്പോൾ രാജ്യം താഴോട്ട് പതിക്കുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

"രാജ്യം നേരിടുന്ന ജനസംഖ്യാ തകർച്ച കൂടുതൽ ആഴത്തിലുള്ളതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ സെൻസസ് കണക്കുകൾ ഒരിക്കൽക്കൂടി അടിവരയിടുന്നു."- ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര പറഞ്ഞു.

കുറഞ്ഞ ജനന നിരക്കും വിവാഹങ്ങളോടുള്ള യുവാക്കളുടെ താല്പര്യക്കുറവും പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവുമാണ് ജപ്പാനെ ഈ അവസ്ഥയിൽ എത്തിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ ഉൽപാദനക്ഷമതയുള്ള യുവതലമുറയുടെ എണ്ണം കുറയുന്നത് രാജ്യത്തിന്റെ ആഗോള സാമ്പത്തിക പദവിയെയും കടുത്ത പ്രതിസന്ധിയിലാക്കും. വരും വർഷങ്ങളിൽ ഈ തകർച്ച മറികടക്കാൻ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന സൂചനയാണ് ഭരണകൂടം നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.