ഗാസയില്‍ അധികാരം ഉറപ്പിക്കാന്‍ ഇസ്രയേല്‍; 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ഗാസയില്‍ അധികാരം ഉറപ്പിക്കാന്‍ ഇസ്രയേല്‍; 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ജറൂസലേം: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാന്‍ ഇസ്രയേല്‍. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവ് നല്‍കി.

ഗാസ മുനമ്പിലെ ഇസ്രയേല്‍ സൈന്യത്തിന്റെ അധികാരം ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും ഹമാസിനെതിരായ നീക്കങ്ങള്‍ തുടരുമെന്നും അദേഹം വ്യക്തമാക്കി. നിലവില്‍ ഗാസയുടെ 60 ശതമാനം പ്രദേശം ഇസ്രയേല്‍ നിയന്ത്രണത്തിലാണ്.

ഇത് നേരത്തെ 50 ശതമാനമായിരുന്നുവെന്നും വരും ദിവസങ്ങളില്‍ 70 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് തന്റെ നിര്‍ദേശമെന്നും വെസ്റ്റ് ബാങ്കില്‍ നടന്ന സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു. ഹമാസുമായി പരോക്ഷമായ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രയേലിന്റെ ഈ പുതിയ നീക്കം.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 900 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. ഒക്ടോബറില്‍ ധാരണയായ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം നിശ്ചയിച്ച അതിര്‍ത്തിരേഖകള്‍ ലംഘിച്ച് ഇസ്രയേല്‍ മുന്നേറുന്നതായി ഹമാസും ആരോപിക്കുന്നു.

ഗാസയ്ക്ക് പുറമെ തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടികളും ഇസ്രയേല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ലെബനനിലെ വലിയൊരു ഭാഗം 'യുദ്ധ മേഖലയായി' പ്രഖ്യാപിച്ച ഇസ്രായേല്‍ സൈന്യം, അവിടുത്തെ താമസക്കാരോട് വടക്ക് ഭാഗത്തേക്ക് മാറാന്‍ ഉത്തരവിട്ടു. 120 ലധികം വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.