ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പരമോന്നത നേതാവ് മൊജ്താബ ഖമേനിയുടെ ഓഫീസിന് അദേഹം രാജിക്കത്ത് കൈമാറിയതായി 'ഇറാന്‍ ഇന്റര്‍നാഷണല്‍' റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇറാന്‍ പെസെഷ്‌കിയാന്റെ ഓഫീസ് ഇക്കാര്യം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. ഇത് അടിസ്ഥാന രഹിതവും അസംബന്ധം നിറഞ്ഞതുമായ വാര്‍ത്തകളാണെന്നും വിദേശ മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തീവ്ര നിലപാടുള്ള വിഭാഗം ഭരണത്തില്‍ അമിതമായ സ്വാധീനം ചെലുത്തുന്നതും സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് തന്റെ സര്‍ക്കാരിനെ ഒഴിവാക്കുന്നതുമാണ് പ്രസിഡന്റിനെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രസിഡന്റിനെ ഒഴിവാക്കി ഭരണപരമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതില്‍ അദേഹം കടുത്ത നീരസം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
രാജ്യത്തിന്റെ ഭരണകാര്യങ്ങളില്‍ സായുധ സേനയായ ഐആര്‍ജിസി ഉള്‍പ്പെടെ അമിതമായി ഇടപെടുന്നതിലും അദേഹം അസംതൃപ്തനാണ്. ഇത്തരം ഇടപെടലുകള്‍ മൂലം ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളെല്ലാം വിശദീകരിച്ചാണ് പ്രസിഡന്റ് രാജിക്കത്ത് നല്‍കിയതെന്നും എത്രയും വേഗം സ്ഥാനമൊഴിയാന്‍ അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ 'ഇറാന്‍ ഇന്റര്‍നാഷണല്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് പ്രസിഡന്റ് ഓഫീസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി സയ്യിദ് മെഹ്ദി തബ്തബേയി പറഞ്ഞു. വിദേശ മാധ്യമം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വിദേശ ശൃംഖലകളുടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ ഗെയിമാണിത്.
യാഥാര്‍ഥ്യത്തിന് പകരം അവരുടെ ആഗ്രഹങ്ങളാണ് അവര്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസിഡന്റ് പെസെഷ്‌കിയാന്‍ അദേഹത്തിന്റെ ചുമതലകളില്‍ തുടരും. ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് അദേഹം പിന്നോട്ടു പോകില്ലെന്നും കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി വ്യക്തമാക്കി.
ഇറാന്റെ നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയ്ക്കുള്ള തിരിച്ചടിയായി നടത്തിയ ആക്രമണങ്ങളില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഗള്‍ഫ് രാജ്യങ്ങളോട് മാപ്പപേക്ഷിച്ചത് ഐആര്‍ജിസിയെ അടക്കം ചൊടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതോടെ പ്രസിഡന്റ് പിന്നീട് ക്ഷമാപണം ഒഴിവാക്കിയതെന്നും പറഞ്ഞിരുന്നു. തീവ്ര നിലപാട് സ്വീകരിക്കുന്നവരും പ്രായോഗിക വാദികളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വന്നതായും നേരത്തേ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.