വാഷിങ്ടണ്‍ : ഇന്ത്യയുള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്തണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ വ്യാപാര പ്രതിനിധികള്‍. നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.
യു.എസ് വ്യാപാര പ്രതിനിധി ഓഫീസ് 60 രാജ്യങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നിര്‍ബന്ധിത തൊഴിലൂടെ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ ഈ രാജ്യങ്ങള്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ഈ സാഹചര്യം അമേരിക്കന്‍ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും അന്യായമായ മത്സര സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രിയര്‍ പറയുന്നത്. പരിശോധന നടത്തിയ 15 രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയും ബാക്കിയുള്ളവയ്ക്ക് 12.5 ശതമാനം അധിക തീരുവയും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് 12.5 ശതമാനമാണ് തീരുവ ചുമത്തുന്നത്.
അതേസമയം കാനഡ, മെക്സിക്കോ, യു.കെ, യൂറോപ്യന്‍ യൂണിയന്‍, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അമേരിക്ക 60 രാജ്യങ്ങള്‍ക്കെതിരെ നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച സെക്ഷന്‍ 301 അന്വേഷണം ആരംഭിച്ചത്. സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍, ബാറ്ററികള്‍, ഇലക്ട്രോണിക്സ്, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍, സെമി കണ്ടക്ടറുകള്‍, സോളാര്‍ ഉപകരണങ്ങള്‍ തുടങ്ങി നിരവധി മേഖലകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങള്‍ ഇന്ത്യ മുമ്പ് തള്ളിക്കളഞ്ഞിരുന്നു. നിര്‍ബന്ധിത തൊഴില്‍ നിരോധിക്കുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) 1930 ലെ ഫോഴ്സ്ഡ് ലേബര്‍ കണ്‍വെന്‍ഷന്‍, 1957 ലെ അബോളിഷന്‍ ഓഫ് ഫോഴ്സ്ഡ് ലേബര്‍ കണ്‍വെന്‍ഷന്‍ എന്നിവ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും രാജ്യത്തെ നിയമ വ്യവസ്ഥ ഈ മാനദണ്ഡങ്ങളോട് യോജിച്ചുള്ളതാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ കയറ്റുമതി സമ്പദ് വ്യവസ്ഥയുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും അമേരിക്കയുമായുള്ള വ്യാപാര മിച്ചം ആഗോള വ്യാപാരത്തിന്റെ സ്വാഭാവിക ഫലമാണെന്നും ഇന്ത്യ വാദിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖയില്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും അന്തിമ കരാര്‍ ഇതുവരെ ഒപ്പു വെച്ചിട്ടില്ല.
പുതിയ തീരുവ നിര്‍ദേശങ്ങള്‍ ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ നിര്‍ദേശമെന്ന നിലയില്‍ മാത്രമാണ് അധിക തീരുവ ചര്‍ച്ചയാകുന്നത്. യു.എസ് ഭരണകൂടം ജൂലൈ ആറ് വരെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിനുശേഷമായിരിക്കും തീരുവകള്‍ അന്തിമമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.