ലോകത്തിലെ ഏറ്റവും വലിയ ധൂപക്കുറ്റി; എ‌ട്ട് പേരുടെ താളത്തിൽ സ്പെയിനിലെ കത്തീഡ്രലിൽ ഉയരുന്നത് വിശ്വാസത്തിന്റെ സുഗന്ധം

ലോകത്തിലെ ഏറ്റവും വലിയ ധൂപക്കുറ്റി; എ‌ട്ട് പേരുടെ താളത്തിൽ സ്പെയിനിലെ കത്തീഡ്രലിൽ ഉയരുന്നത് വിശ്വാസത്തിന്റെ സുഗന്ധം

സാൻഡിയാഗോ : സ്പെയിനിലെ സാൻഡിയാഗോ ഡി കോമ്പസ്റ്റല്ല കത്തീഡ്രലിലെ അതിഭീമമായ ധൂപക്കുറ്റി വീശുന്ന അപൂർവ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധൂപക്കുറ്റികളിൽ ഒന്നായ 'ബൂട്ടാ ഫുമീറോ' വീശുന്ന കാഴ്ച കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

പ്രത്യേക തിരുനാളുകളിലും വിശേഷാവസരങ്ങളിലും മാത്രം നടക്കുന്ന ഈ ചടങ്ങ് കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് തീർത്ഥാടകരാണ് കത്തീഡ്രലിൽ എത്തുന്നത്. 50 കിലോഗ്രാമിലധികം ഭാരമുള്ള ഈ ധൂപക്കുറ്റിയിൽ കൽക്കരിയും കുന്തിരിക്കവും നിറയ്ക്കുമ്പോൾ മൊത്തം ഭാരം 120 കിലോഗ്രാമോളമായി വർധിക്കും.

കത്തീഡ്രലിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച വലിയ കയറുകളിലാണ് ഇത് തൂക്കിയിട്ടിരിക്കുന്നത്. 'ടിയറ ബെലോറിയസ്' എന്ന പ്രത്യേക വേഷം ധരിച്ച എട്ടു ശുശ്രൂഷകർ ഒരേ താളത്തിൽ കയറുകൾ വലിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ 25 മീറ്റർ ഉയരത്തിൽ വരെ ഈ ഭീമൻ ധൂപക്കുറ്റി പറന്നുയരും.

പ്രാർത്ഥനകൾ സ്വർ​ഗത്തിലേക്ക് ഉയരുന്നതിന്റെ പ്രതീകമായാണ് ക്രൈസ്തവ ദേവാലയങ്ങളിൽ ധൂപക്കുറ്റി വീശുന്നത്. എന്നാൽ സാൻഡിയാഗോ കത്തീഡ്രലിലെ ഈ വലിയ ധൂപക്കുറ്റിക്ക് പിന്നിൽ മധ്യകാലഘട്ടം മുതൽ നിലനിൽക്കുന്ന മറ്റൊരു ചരിത്രവുമുണ്ട്. 'ക്യാമിനോ ഡി സാൻഡിയാഗോ' എന്ന തീർത്ഥാടന പാതയിലൂടെ മാസങ്ങളോളം കാൽനടയായി യാത്ര ചെയ്ത് എത്തുന്ന തീർത്ഥാടകർ കത്തീഡ്രലിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഇവരുടെ ശരീര ദുർഗന്ധം മാറ്റാനും പകർച്ചവ്യാധികൾ തടയാനും ഒരു അണുനാശിനിയായി ഉപയോഗിച്ചിരുന്നതാണ് ഇത്രയും വലിയ അളവിലുള്ള കുന്തിരിക്കം പുകയ്ക്കൽ.

വർഷങ്ങൾ പഴക്കമുള്ള ഈ പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ ഇന്നും കത്തീഡ്രൽ അധികൃതർ സംരക്ഷിച്ചു പോരുന്നു. കത്തീഡ്രലിന്റെ മേൽക്കൂരയെ തൊട്ടുരുമി, കുന്തിരിക്കത്തിന്റെ സുഗന്ധം പരത്തി ഭീമൻ ധൂപക്കുറ്റി ആകാശത്ത് പറന്നുയരുന്ന കാഴ്ച ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.