ഒസ്‌ലോ: ആഗോള ശക്തികൾ ആഭ്യന്തര രാഷ്ട്രീയത്തിലും സൈനിക നവീകരണങ്ങളിലും മുഴുകുമ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യർ നേരിടുന്ന തീരാദുരിതങ്ങൾ ലോകം കാണാതെ പോകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന അഭയാർഥി പ്രതിസന്ധികളുടെ പട്ടികയിൽ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കൊളംബിയ എന്നീ രാജ്യങ്ങൾ മുന്നിലെന്ന് പ്രമുഖ സന്നദ്ധ സംഘടനയായ നോർവീജിയൻ റഫ്യൂജി കൗൺസിൽ തങ്ങളുടെ വാർഷിക റിപ്പോർട്ടിലൂടെ മുന്നറിയിപ്പ് നൽകുന്നു.
2023 മുതൽ രണ്ട് പ്രമുഖ ജനറൽമാർ തമ്മിലുള്ള അധികാര വടംവലിയെത്തുടർന്ന് ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്തിനകത്ത് മാത്രം 90 ലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്യാൻ നിർബന്ധിതരായത്. ഇതിനു പുറമെ 40 ലക്ഷത്തോളം പേർ ജീവരക്ഷാർഥം അയൽരാജ്യങ്ങളിലേക്ക് ചേക്കേറി. സഹായമെത്തിക്കാൻ കഴിയാത്തത്ര വേഗത്തിലാണ് ഇവിടെ ദുരന്തങ്ങൾ പടരുന്നത്.
തുടർച്ചയായി പത്താം വർഷമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഈ പട്ടികയിൽ ഇടംപിടിക്കുന്നത്. പതിറ്റാണ്ടുകളായുള്ള സംഘർഷങ്ങൾക്ക് പുറമെ കിഴക്കൻ മേഖലയിൽ പടർന്നുപിടിക്കുന്ന എബോള മഹാമാരിയും രാജ്യത്തെ വരിഞ്ഞുമുറുക്കുന്നു. 2025 ൽ ആവശ്യമായ മാനുഷിക സഹായത്തിന്റെ വെറും 27.4 ശതമാനം മാത്രമാണ് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ലഭിച്ചത്. സഹായം ലഭിക്കാതെ 2.1 കോടിയിലധികം ജനങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്.
ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങളുടെ തടവറയിലാണ് കൊളംബിയ. ഗറില്ലാ ഗ്രൂപ്പുകൾ, പാരാമിലിട്ടറി വിഭാഗങ്ങൾ, മയക്കുമരുന്ന് മാഫിയകൾ, സുരക്ഷാ സേനകൾ എന്നിവർ തമ്മിലുള്ള സങ്കീർcമായ പോരാട്ടം സാധാരണക്കാരുടെ ജീവിതം നശിപ്പിക്കുന്നു.
"ഇവിടെ ജനങ്ങൾ തുടർച്ചയായ പലായനങ്ങൾക്ക് ഇരയാകുകയാണ്. എങ്ങോട്ടെന്നറിയാതെ പലായനം ചെയ്ത് കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് ഒരു ശാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല," എന്ന് കൊളംബിയയിലെ എൻ.ആർ.സി ഡയറക്ടർ ജിയോവന്നി റിസോ വ്യക്തമാക്കി.
വികസിത രാജ്യങ്ങളുടെ മുൻഗണനകൾ മാറിയതോടെ മാനുഷിക പ്രതിസന്ധികൾക്ക് ഫണ്ട് ലഭിക്കുന്നത് കുറഞ്ഞുവെന്ന് എൻ.ആർ.സി ചൂണ്ടിക്കാട്ടുന്നു. സൈനിക ആവശ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോൾ സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മനുഷ്യരുടെ നിലവിളി അന്താരാഷ്ട്ര സമൂഹം അവഗണിക്കുകയാണ്. ഈ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തരമായ ആഗോള ഇടപെടൽ അനിവാര്യമാണെന്ന് റിപ്പോർട്ട് ആവർത്തിച്ച് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.