മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂമിക്കടിയില്‍ വെറും പത്ത് കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഭൂചലനത്തിന്റെ തീവ്രത 8.2 ആയിരിക്കുമെന്നാണ് ജിഎഫ്ഇസഡ് വിലയിരുത്തിയിരുന്നത്.
ഭൂചലനത്തിന് പിന്നാലെ യു.എസ് സുനാമി മുന്നറിയിപ്പ് സംവിധാനവും മേഖലയില്‍ സുനാമിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ അധികൃതരും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഫിലിപ്പീന്‍സിലെ ജനറല്‍ സാന്റോസ് നഗരത്തില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെ ഭൂചലനത്തിന്റെ തീവ്രത 8.0 ന് മുകളിലായിരുന്നുവെന്നാണ് സൂചന.
അതേസമയം ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി ഭൂചലനത്തിന്റെ തീവ്രത 7.0 ആണെന്നാണ് രേഖപ്പെടുത്തിയത്. തീരപ്രദേശങ്ങളില്‍ ഒരു മീറ്ററിലധികം ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടായേക്കാമെന്നും ഇത് മണിക്കൂറുകളോളം നീണ്ടുനിന്നേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ബിഎംകെജി ഭൂചലനത്തിന്റെ തീവ്രത 7.7 ആയാണ് കണക്കാക്കിയിരിക്കുന്നത്.
സരങ്കാനി പ്രവിശ്യയിലെ അലാബെല്‍ ടൗണിലെ പോലീസ് സ്റ്റേഷന് ഭൂചലനത്തില്‍ നേരിയ വിള്ളലുകള്‍ വീണതായി പോലീസ് മേധാവി ബെന്‍ജി അന്‍ചേറ്റ വ്യക്തമാക്കി. തങ്ങള്‍ അനുഭവിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂചലനത്തിനിടെ പരിഭ്രാന്തരായി ചിലര്‍ ബോധരഹിതരായെങ്കിലും നിലവില്‍ ആര്‍ക്കും ജീവഹാനിയോ മറ്റ് ഗുരുതര പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടക്കന്‍ ഇന്തോനേഷ്യയിലെ മനാഡോ നഗരത്തിലും ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഭൂകമ്പങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവായ പസഫിക് ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ഫിലിപ്പീന്‍സും ഇന്തോനേഷ്യയും സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.