ചിരിമായാത്ത 'മാലാഖക്കുട്ടി' ഇനി മടക്കമില്ലാത്ത യാത്രയില്‍; നോവായി യു.കെയിലെ നാല് വയസുകാരി ഹെലന്‍ റോസ്

ചിരിമായാത്ത 'മാലാഖക്കുട്ടി' ഇനി മടക്കമില്ലാത്ത യാത്രയില്‍; നോവായി യു.കെയിലെ നാല് വയസുകാരി ഹെലന്‍ റോസ്

ലണ്ടന്‍: ഒരുമിച്ചുള്ള സ്വപ്നങ്ങളിലേക്ക് അവര്‍ കൈപിടിച്ചു നടക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യു.കെയുടെ മണ്ണില്‍ പിച്ചവെച്ചു തുടങ്ങിയ ആ നാല് വയസുകാരിയുടെ ചിരി ഇത്രവേഗം നിലയ്ക്കുമെന്ന് ആരും കരുതിയില്ല. നഴ്സറി ക്ലാസിലെ പ്രിയപ്പെട്ടവള്‍ ഇനിയില്ലെന്ന വാര്‍ത്ത വിങ്ങിപ്പൊട്ടലോടെയാണ് യു.കെയിലെ മലയാളി സമൂഹം കേട്ടത്. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകള്‍ ഹെലന്‍ റോസിന്റെ വിയോഗം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെയാകെ തീരാനഷ്ടമായി മാറുകയാണ്.

മൂന്ന് വര്‍ഷം മുന്‍പാണ് മെച്ചപ്പെട്ടൊരു ഭാവിക്കായി ഹെലന്റെ മാതാവ് ക്ലാരിറ്റ് യു.കെയിലെത്തുന്നത്. ആറ് മാസത്തിന് ശേഷം ഭര്‍ത്താവ് അബിനും ഒപ്പം ചേര്‍ന്നു. എന്നാല്‍ മാതാപിതാക്കളുടെ സാമീപ്യത്തിനായി നാട്ടില്‍ കാത്തിരിക്കുകയായിരുന്നു ഹെലനും ഏഴ് വയസുകാരനായ ജുവാനും. ഒടുവില്‍ ഒരു വര്‍ഷം മുന്‍പാണ് ഇരുവരും മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. പ്രവാസത്തിന്റെ അന്യതയിലും ആ കൊച്ചുകുടുംബം സന്തോഷം കണ്ടെത്തിയത് ഒപ്പമുണ്ടായിരുന്ന മക്കളുടെ കുസൃതികളിലായിരുന്നു. യുകെയിലെ ജീവിതം ആസ്വദിച്ചു തുടങ്ങിയ ഹെലന്‍ റോസ് വളരെ പെട്ടെന്നാണ് ചുറ്റുമുള്ളവരുടെ പ്രിയങ്കരിയായി മാറിയത്. എന്നാല്‍ ആ സന്തോഷങ്ങള്‍ക്ക് ആയുസ് കുറവായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് താഴെ വീണതാണ് ദുരന്തത്തിന്റെ തുടക്കം. വീഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച രാത്രിയോടെ കുഞ്ഞിന് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കടുത്തതോടെ മാതാപിതാക്കള്‍ ഹെലനെ അടിയന്തരമായി നോര്‍വിച്ചിലെ എന്‍എച്ച്എസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു.

അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ നിഷ്ഫലമാക്കി കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ ഹെലന്‍ ലോകത്തോട് വിട പറഞ്ഞു. തലയ്ക്കുള്ളില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കേവലമൊരു വീഴ്ച മാത്രമാണോ ഇതിലേക്ക് നയിച്ചതെന്ന സംശയം കുടുംബത്തിനുണ്ട്. കണ്ടെത്താനാകാതെ പോയ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ടായിരുന്നോ എന്നും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.
നിലവില്‍ കേംബ്രിജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം യുകെയിലെ പ്രവാസി മലയാളി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സിറോ മലബാര്‍ സഭയുടെ ഇരിട്ടി ഇടത്തോട്ടി ഡി പോള്‍ ചര്‍ച്ച് ഇടവകാംഗങ്ങളായ കുടുംബത്തിന് താങ്ങായി യു.കെയിലെ മലയാളി സമൂഹം ഒപ്പമുണ്ട്. എങ്കിലും മകളുടെ ഭൗതിക ശരീരവുമായി ജന്മനാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന മാതാപിതാക്കളുടെയും പ്രിയപ്പെട്ട കുഞ്ഞനിയത്തിയുടെ വേര്‍പാടറിയാതെ തനിച്ചായ ജുവാന്റെയും സങ്കടത്തിന് മുന്നില്‍ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ നില്‍ക്കുകയാണ് പ്രവാസ ലോകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.