ആര്‍ട്ടെമിസ്-3 ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ; കമാന്‍ഡറായി റാന്‍ഡി ബ്രെസ്‌നിക്

ആര്‍ട്ടെമിസ്-3 ദൗത്യത്തിനുള്ള ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ; കമാന്‍ഡറായി റാന്‍ഡി ബ്രെസ്‌നിക്

വാഷിങ്ടണ്‍: ലോകം ആകാംഷയോടെ കാത്തിരുന്ന ആര്‍ട്ടെമിസ്-3 ദൗത്യത്തിനായുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ നാസ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ വന്‍ വിജയമായി മാറിയ ആര്‍ട്ടെമിസ്-2 ദൗത്യത്തിന് പിന്നാലെയാണ് 2027 ല്‍ നടക്കാനിരിക്കുന്ന അടുത്ത പരീക്ഷണപ്പറക്കലിനുള്ള നാലംഗ സംഘത്തെ നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജൂണ്‍ ഒമ്പത് ചൊവ്വാഴ്ച രാത്രിയോടെ യു.എസിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങിലാണ് നാസ അധികൃതര്‍ പ്രഖ്യാപനം നടത്തിയത്.

പരിചയസമ്പന്നരായ നാല് ബഹിരാകാശ സഞ്ചാരികളാണ് ആര്‍ട്ടെമിസ്-3 സംഘത്തിലുള്ളത്. അമേരിക്കയുടെ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കൈകോര്‍ക്കുന്നതാണ് ദൗത്യം.

റാന്‍ഡി ബ്രെസ്‌നിക്, മിഷന്‍ കമാന്‍ഡര്‍: ദൗത്യത്തെ മുന്നില്‍ നിന്ന് നയിക്കുക നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രികനായ റാന്‍ഡിയായിരിക്കും.

ലൂക പര്‍മിറ്റാനോ, മിഷന്‍ പൈലറ്റ്: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെ പ്രതിനിധീകരിച്ച് ഇറ്റാലിയന്‍ എയര്‍ഫോഴ്‌സ് കേണലായ ലൂക പൈലറ്റാകും. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള ആദ്യ ഇറ്റാലിയന്‍ പൗരനാണ് ഇദേഹം.

കേണല്‍ ഫ്രാങ്ക് റൂബിയോ, മിഷന്‍ സ്‌പെഷ്യലിസ്റ്റ്: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കഴിഞ്ഞ അമേരിക്കക്കാരന്‍ എന്ന റെക്കോര്‍ഡിന് ഉടമയായ നാസയുടെ സഞ്ചാരി.

ആന്‍ഡ്രൂ ഡഗ്ലസ് മിഷന്‍ സ്‌പെഷ്യലിസ്റ്റ്: യു.എസ് കോസ്റ്റ്ഗാര്‍ഡ് റിസര്‍വ് കമാന്‍ഡറും പ്രമുഖ ടെസ്റ്റ് എഞ്ചിനീയറുമായ ആന്‍ഡ്രൂവും സംഘത്തില്‍ നിര്‍ണായക പങ്കുവഹിക്കും.

ഇവര്‍ക്ക് പുറമെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ബാക്ക് അപ്പ് ക്രൂ അംഗമായി നാസയുടെ ബോബ് ഹെയ്ന്‍സിനെയും നിയോഗിച്ചിട്ടുണ്ട്.

ആര്‍ട്ടെമിസ്-3 ദൗത്യത്തിന്റെ ലക്ഷ്യം

പലരും കരുതുന്നത് പോലെ ആര്‍ട്ടെമിസ്-3 ചന്ദ്രന്റെ ഉപരിതലത്തില്‍ മനുഷ്യനെ ഇറക്കുന്ന ദൗത്യമല്ല. പകരം മനുഷ്യനെ സുരക്ഷിതമായി ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായി ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന അതിസങ്കീര്‍ണ്ണമായ സാങ്കേതിക പരീക്ഷണമാണ്. നാസയുടെ വമ്പന്‍ റോക്കറ്റായ എസ്എല്‍എസില്‍ കുതിച്ചുയരുന്ന ഓറിയോണ്‍ പേടകവും ബഹിരാകാശ യാത്രികരും ഭൂമിയുടെ ലോ-എര്‍ത്ത് ഓര്‍ബിറ്റിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തുക.

ഭാവിയില്‍ ചന്ദ്രനിലിറങ്ങാന്‍ ഉപയോഗിക്കുന്ന ലൂണാര്‍ ലാന്‍ഡറുകളുമായി ബഹിരാകാശത്ത് വെച്ച് വിജയകരമായി കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ ഈ ദൗത്യത്തിലൂടെ മനുഷ്യരെ ഉള്‍പ്പെടുത്തി ആദ്യമായി പരീക്ഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.