പാരീസ്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ആവേശം വിതറുന്ന ഗോളുകൾക്കും തന്ത്രങ്ങൾക്കും പിന്നിൽ മനുഷ്യ സ്നേഹത്തിന്റെ വലിയൊരു ദർശനം ഒളിഞ്ഞിരിപ്പുണ്ട്. ഫിഫയുടെ മുൻ പ്രസിഡന്റ് ജൂൾസ് റിമെ എന്ന ഫ്രഞ്ചുകാരൻ കണ്ട സ്വപ്നമാണ് ഇന്ന് നമ്മൾ കാണുന്ന ഈ ലോകകപ്പ് മാമാങ്കം. കത്തോലിക്കാ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ച റിമെ ഫുട്ബോളിനെ കണ്ടത് രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാനുള്ള ഒരു പാലമായാണ്.
1873 ൽ ഫ്രാൻസിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ച ജൂൾസ് റിമെ കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങളിൽ നിന്ന് വലിയ സ്വാധീനം ഉൾക്കൊണ്ട വ്യക്തിയായിരുന്നു. 1891 ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ പുറപ്പെടുവിച്ച 'റെരും നോവാരും' എന്ന ചാക്രിക ലേഖനം തൊഴിലാളികളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി നിലകൊള്ളാൻ അദേഹത്തിന് കരുത്തേകി. ചെറുപ്പത്തിൽ തന്നെ സാമൂഹിക സേവനങ്ങളിൽ സജീവമായ റിമെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് മുൻഗണന നൽകി.
ഇതേ ആദർശം തന്നെയാണ് അദേഹം ഫുട്ബോളിലും കൊണ്ടുവന്നത്. 1897 ൽ പാരീസിൽ സ്ഥാപിച്ച 'റെഡ് സ്റ്റാർ' ഫുട്ബോൾ ക്ലബ്ബ് അക്കാലത്ത് വിപ്ലവകരമായിരുന്നു. പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ ആർക്കും ഒത്തുചേർന്നു കളിക്കാവുന്ന ഒരു വേദിയായി അതിനെ മാറ്റി. മനുഷ്യന്റെ അന്തസും ഐക്യവുമാണ് പ്രധാനമെന്നും കളിക്കളത്തിൽ ആളുകൾ ഒന്നിക്കുമ്പോൾ വംശീയവും സാമൂഹികവുമായ വേർതിരിവുകൾ ഇല്ലാതാകുമെന്നും റിമെ വിശ്വസിച്ചു.
1904 ൽ ഫിഫ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച റിമെ 1921 ൽ സംഘടനയുടെ പ്രസിഡന്റായി. ഒളിമ്പിക്സിന് പുറത്തൊരു ആഗോള ചാമ്പ്യൻഷിപ്പ് എന്ന അദേഹത്തിന്റെ സ്വപ്നം 1930 ൽ ഉറുഗ്വേയിൽ യാഥാർത്ഥ്യമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ നേരിൽക്കണ്ട റിമെ ഫുട്ബോളിനെ സമാധാനത്തിനുള്ള ഉപകരണമായാണ് കണ്ടത്. 1921 മുതൽ 1954 വരെ നീണ്ട 33 വർഷം ഫിഫയെ നയിച്ച റിമെ ഫുട്ബോളിനെ ഒരു സാർവത്രിക ഭാഷയാക്കി മാറ്റി.
നാല്പത്തിയെട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ കായിക ആഘോഷമാണ്. കളി മൈതാനത്ത് ആവേശം വാനോളമുയരുമ്പോൾ അതിരുകൾക്കും ഭാഷകൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ജൂൾസ് റിമെ എന്ന കത്തോലിക്കാ ദർശകൻ കൊണ്ടുനടന്ന ആ വലിയ സ്വപ്നം വീണ്ടും പ്രസക്തമാകുന്നു. കളിക്കളത്തിൽ ഒത്തുചേരുന്നവർ ശത്രുക്കളാകില്ലെന്ന അദേഹത്തിന്റെ വാക്കുകൾ ഈ ലോകകപ്പ് കാലത്തും ലോകത്തിന് നൽകുന്ന സന്ദേശം വലുതാണ്.
ഫുട്ബോൾ വെറുമൊരു കളിയല്ല, അത് ലോകത്തിന്റെ പൊതുഭാഷയാണെന്ന് അദേഹം തെളിയിച്ചു കഴിഞ്ഞു. 2026 ലെ ലോകകപ്പും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പുതിയ അധ്യായങ്ങൾ രചിക്കുമെന്ന് ലോകം പ്രതീക്ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.