തങ്ങള്‍ക്കെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കരുത്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

തങ്ങള്‍ക്കെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും  നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കരുത്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാന്‍: തങ്ങള്‍ക്കെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനോ, സംഘടിപ്പിക്കാനോ, നടപ്പിലാക്കാനോ അതിന് പിന്തുണ നല്‍കാനോ വേണ്ടി തങ്ങളുടെ ഭൂപ്രദേശങ്ങളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാന്‍ അമേരിക്കന്‍ ഇസ്രയേല്‍ സേനകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുവാദം നല്‍കരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

അമേരിക്കയും ഇറാനും തമ്മില്‍ ആക്രമണങ്ങള്‍ ശക്തമാക്കുകയും പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലും സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ തടയാന്‍ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങള്‍ക്ക് നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമുണ്ട്. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന അയല്‍ രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പിന്നില്‍ ഇറാനാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെ ഇറാനെതിരെ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

ഇതിന് മറുപടിയായി ബഹ്റിനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി. കുവൈറ്റിലെയും ജോര്‍ദാനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയതായും ഇറാന്‍ അവകാശപ്പെട്ടു. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇതിലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.