ലണ്ടൻ: ലോകത്തിന്റെ ഏത് കോണിലായാലും ആപത്തിൽപ്പെടുന്നവർക്ക് നേരെ ജാതിയോ നിറമോ നോക്കാതെ നീട്ടുന്ന മലയാളി മനസിന്റെ കരുണയ്ക്ക് ലണ്ടൻ സാക്ഷിയായി. ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിൽ മരണത്തിന്റെ വക്കിൽ തൂങ്ങിനിന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീൽ ഇന്ന് പ്രവാസ ലോകത്തിന്റെ അഭിമാനമായി മാറുകയാണ്.
മൂന്നു നില കെട്ടിടത്തിന്റെ ജനലിലൂടെ അബദ്ധത്തിൽ പുറത്തേക്ക് വീണ കുഞ്ഞ് ഒരു ഭിത്തിയുടെ വശത്ത് തൂങ്ങിക്കിടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ലണ്ടനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ താഴേക്ക് പതിക്കാമായിരുന്ന അവസ്ഥയിൽ കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോൾ സമീപത്തെ ഫ്ലാറ്റിൽ ജോലിക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ജസീൽ. പുറത്തെ ബഹളം കേട്ട് ജനലിലൂടെ നോക്കിയ ജസീൽ കണ്ടത് മരണത്തെ മുഖാമുഖം നിൽക്കുന്ന കുഞ്ഞിനെയാണ്.
മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഷർട്ട് പോലും ധരിക്കാതെ ജസീൽ ആ കുഞ്ഞിനടുത്തേക്ക് ഓടിപ്പാഞ്ഞു. അവിടെയെത്തുമ്പോൾ ഒരു ബ്രിട്ടീഷ് പൊലീസുകാരൻ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ കടുത്ത ചൂട് കാരണം അദേഹത്തിന് കുഞ്ഞിനെ കൃത്യമായി പിടിക്കാൻ കഴിയാതെ വരികയും കുഞ്ഞ് പിടിവിട്ട് താഴേക്ക് വഴുതി വീഴുകയും ചെയ്തു. ആ സെക്കൻഡിൽ ജസീൽ തന്റെ കൈകൾ നീട്ടി ആ കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ചു.
"അവിടെ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കുഞ്ഞ് പിടിവിട്ട് വഴുതി താഴേക്ക് വീണത്. ഞാൻ കൃത്യ സമയത്ത് ഓടിയെത്തി പിടിച്ചില്ലായിരുന്നെങ്കിൽ ആ കുഞ്ഞ് താഴേക്ക് പതിക്കുമായിരുന്നു. ദൈവം സഹായിച്ച് കുഞ്ഞിന് മറ്റ് കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല," ജസീൽ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ശേഷം വികാരാധീനനായ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥൻ ജസീലിനെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലണ്ടനിലെ മലയാളി പ്രവാസികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ജസീലിന്റെ ഈ കരുതൽ. മനുഷ്യത്വത്തിന്റെ ഈ മഹത്തായ മാതൃകയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.