കൊളംബോ: ശ്രീലങ്കയില്‍ 2019 ലെ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് രാജ്യത്തിന്റെ മുന്‍ ഇന്റലിജന്‍സ് തലവനെന്ന് ശ്രീലങ്കന്‍ പൊതുസുരക്ഷാ മന്ത്രിയായ ആനന്ദ വിജേപാല പാര്‍ലമന്റില്‍ വ്യക്തമാക്കി.
മുന്‍ ഇന്റലിജന്‍സ് മേധാവിയായ മേജര്‍ ജനറല്‍ സുരേഷ് സാല്ലെയാണ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇത് അന്വേഷണത്തില്‍ തെളിഞ്ഞെന്നും അദേഹം പറഞ്ഞു. ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ അറിയാനായി ആക്രമണത്തിന് മൂന്നാഴ്ച മുന്‍പ് സുരേഷ് സാല്ലെ ഇസ്ലാമിക തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണങ്ങളില്‍ 279 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ നടുക്കിയ ഈ കൊടും ക്രൂരതയ്ക്ക് പിന്നില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ സഹായവും ആസൂത്രണവും ഉണ്ടെന്നാണ് ശ്രീലങ്കന്‍ മന്ത്രി ഇപ്പോള്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്. ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തില്‍ സുരേഷ് സാല്ലെയുടെ പങ്ക് വെളിപ്പെടുത്തുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്.
ഭീകരാക്രമണത്തിന് സഹായം നല്‍കുകയും പ്രേരിപ്പിക്കുകയും ചെയ്തെന്ന കുറ്റംചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ സുരേഷ് സാല്ലെയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ജയിലില്‍ കഴിയുന്ന സുരേഷ് സാല്ലെ നിരാഹാര സമരം ആരംഭിച്ചതായും ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു.
ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തില്‍ സുരേഷ് സാല്ലെയ്ക്ക് പങ്കുണ്ടെന്ന് മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയെങ്കിലും മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ അഭിഭാഷകന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അതിനിടെ, സുരേഷ് സാല്ലെയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളും ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.
ഗോതബായ രജപക്സെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയാണ് ശ്രീലങ്കയുടെ ചാര സംഘടനയായ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസിന്റെ മേധാവിയായി സുരേഷ് സാല്ലെയെ നിയമിച്ചത്.
2019 ലെ തിരഞ്ഞെടുപ്പില്‍ രജപക്സെയ്്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനാണ് ഭീകരാക്രമണം നടത്തിയതെന്നാണ് പ്രധാന ആരോപണം. ഭീകരാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് രജപക്സെ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഇസ്ലാമിക ഭീകരവാദത്തെ രാജ്യത്തു നിന്ന് തുടച്ചു നീക്കുമെന്നതായിരുന്നു അദേഹത്തിന്റെ പ്രധാന വാഗ്ദാനം. തുടര്‍ന്ന് രജപക്സെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുകയും ചെയ്തു.
സാല്ലെയെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയും ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി മുന്‍ പ്രസിഡന്റ് രാജ്യംവിട്ട് പോകുന്നത് തടഞ്ഞുള്ള കോടതി ഉത്തരവുകളും അന്വേഷണ സംഘം നേടിയെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.