തായ് രാജകുമാരി ബജ്രകിതിയാഭ അന്തരിച്ചു; വിട വാങ്ങിയത് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച രാജ കുടുംബാംഗം

 തായ് രാജകുമാരി ബജ്രകിതിയാഭ അന്തരിച്ചു; വിട വാങ്ങിയത് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച രാജ കുടുംബാംഗം

രാജ കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ കാണിച്ച താല്‍പര്യമായിരുന്നു ബജ്രകിതിയാഭയെ ജനപ്രിയയാക്കി മാറ്റിയത്.

ബാങ്കോക്ക്: കുഴഞ്ഞുവീണ് മൂന്ന് വര്‍ഷമായി കോമയില്‍ ആയിരുന്ന തായ്‌ലാന്‍ഡ് രാജകുമാരി ബജ്രകിതിയാഭ (47) അന്തരിച്ചു. വളര്‍ത്തു നായകളെ പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു ദുരന്തം.

ബാങ്കോക്കിലെ കിങ് ചുലാ ലോങ്കോണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ആശുപത്രിയിലാണ് അവര്‍ക്ക് പരിചരണം നല്‍കി വന്നിരുന്നത്.

അടുത്ത രാജകീയ പിന്തുടര്‍ച്ചാവകാശ നിര്‍ണയത്തില്‍ ഏറെ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടായിരുന്ന തായ് രാജവംശത്തിലെ ഏറ്റവും പ്രഗത്ഭയായ വ്യക്തിയായിരുന്ന ബജ്രകിതിയാഭ.

മഹാ വജിര ലോങ്കോണ്‍ രാജാവിന്റെ ഏഴ് മക്കളില്‍ ഏറ്റവും മൂത്ത മകളായ ബജ്രകിതിയാഭ 1978 ഡിസംബര്‍ ഏഴിന് രാജാവിന്റെ ആദ്യ ഭാര്യയും ബന്ധുവുമായിരുന്ന പ്രിന്‍സസ് സോംസാവലിയിലാണ് ജനിച്ചത്.

പൊതുജന സേവനങ്ങളിലൂടെയും നീതിന്യായ പരിഷ്‌കരണങ്ങളിലൂടെയും തായ് ജനതയ്‌ക്കൊപ്പം നിന്ന ബജ്രകിതിയാഭ രാജകുമാരിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധിനമുണ്ടായിരുന്നു. ജയിലില്‍ കഴിയുന്ന തായ് വനിതകളെ പുനരധിവസിപ്പിക്കുന്നതിനായി അവര്‍ തുടക്കം കുറിച്ച കാംലാങ്ജായ് അഥവാ ഇന്‍സ്പയര്‍ എന്ന പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രാജ കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ കാണിച്ച താല്‍പര്യമായിരുന്നു ബജ്രകിതിയാഭയെ ജനപ്രിയയാക്കി മാറ്റിയത്. തായ്ലന്‍ഡിലെ രാജകീയ പിന്തുടര്‍ച്ചാവകാശത്തില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെങ്കിലും ഭരണഘടനയില്‍ വരുത്തിയ സമീപകാല മാറ്റങ്ങള്‍ പ്രകാരം രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാകാന്‍ രാജകുമാരിക്ക് സാധിക്കുമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


ഭാ എന്നും പാറ്റി എന്നും സ്‌നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന അവര്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിരുന്നു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയിലെ തായ് മിഷനില്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ച രാജകുമാരി പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഉദോന്‍ താനി പ്രവിശ്യയില്‍ അറ്റോര്‍ണി ജനറലായി ചുമതലയേറ്റു.

2012 മുതല്‍ 2014 വരെ ഓസ്ട്രിയയിലെ തായ്് അംബാസഡറായും പ്രവര്‍ത്തിച്ചു. .കൂടാതെ ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള വിഭാഗത്തിന്റെ ഗുഡ്വില്‍ അംബാസഡറായും അവര്‍ നിയമിക്കപ്പെട്ടു. വനിതാ തടവുകാരുടെ അവകാശങ്ങള്‍ക്കും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി അവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് 2010 ല്‍ യു.എന്‍ പൊതുസഭ ബാങ്കോക്ക് നിയമങ്ങള്‍ അംഗീകരിച്ചത്.

രാജകുമാരിയുടെ അപ്രതീക്ഷിത വിയോഗത്തോടെ ഇപ്പോള്‍ കിരീടാവകാശിയായി മുന്നിലുള്ളത് അവരുടെ അനുജനും ഇരുപത്തൊന്ന് വയസുകാരനുമായ ദിപങ്കോണ്‍ രാസ്മിജോതിയാണ്. വജിര ലോങ്കോണ്‍ രാജാവിന്റെ ഏറ്റവും ഇളയ മകനായ ഇദേഹം പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

രാജകുമാരിയുടെ മരണവിവരമറിഞ്ഞ് അവര്‍ ചികിത്സയിലായിരുന്ന കിങ് ചുലാ ലോങ്കോണ്‍ മെമ്മോറിയല്‍ ആശളുപത്രിയിലേക്ക് നിരവധി സാധാരണക്കാരായ ജനങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട രാജകുമാരിയുടെ ചിത്രങ്ങളുമായി എത്തിയത്. രാജകുമാരിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുതിന്‍ ചാണ്‍ വിരകുല്‍ അനുശോചനം രേഖപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.