ഇറാന് പണം വിട്ടുനല്‍കുമെന്നത് വ്യാജം; യു.എസ് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം സ്വത്തുക്കള്‍ തിരികെ നല്‍കും: ജെ.ഡി വാന്‍സ്

ഇറാന് പണം വിട്ടുനല്‍കുമെന്നത് വ്യാജം; യു.എസ് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം സ്വത്തുക്കള്‍ തിരികെ നല്‍കും: ജെ.ഡി വാന്‍സ്

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ട നല്‍കുമെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഒരു കരാറില്‍ ഒപ്പിട്ടതുകൊണ്ടോ ചര്‍ച്ചകളില്‍ പങ്കെടുത്തതുകൊണ്ടോ മാത്രം ഇറാന് ഒരു പണവും തിരികെ ലഭിക്കില്ലെന്ന് അദേഹം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇറാനിയന്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ വിചിത്രവും വ്യാജവുമാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

ആണവ നിര്‍മാണം പൂര്‍ണമായി അവസാനിപ്പിക്കുന്നതിലും ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നീക്കുന്നതിലും അമേരിക്ക മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചാല്‍ മാത്രമേ ഇറാന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകൂ എന്നാണ് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈമാറൂ. യുഎസിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്ന രീതിയിലാണ് ഈ കരാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

സമാധാന കരാറുമായി മുന്നോട്ട് പോയാല്‍ ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളുടെ ഒരു ഭാഗം ഉടനടിയും ബാക്കി സമയബന്ധിതമായും യു.എസ് വിട്ടുനല്‍കുമെന്നായിരുന്നു ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇറാന്‍-യു.എസ് സമാധാന കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രചാരണം. 60 ദിവസത്തെ സമയപരിധിക്കുള്ളില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തിലും ഇറാന്റെ സ്വത്തുക്കളുടെ കാര്യത്തിലും അന്തിമ തീരുമാനമുണ്ടാകുമെന്ന് നേരത്തെ യു.എസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിബന്ധനകളില്‍ ഇളവുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇപ്പോള്‍ വൈസ് പ്രസിഡന്റില്‍ നിന്നും ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.