യുഎസ്-ഇറാൻ സമാധാന ഡീലിൽ അനിശ്ചിതത്വം തുടരുന്നു; തർക്കങ്ങൾക്കിടെ ആഗോള വിപണിയിൽ ചാഞ്ചാട്ടം

യുഎസ്-ഇറാൻ സമാധാന ഡീലിൽ അനിശ്ചിതത്വം തുടരുന്നു; തർക്കങ്ങൾക്കിടെ ആഗോള വിപണിയിൽ ചാഞ്ചാട്ടം

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നു. ഇറാന്റെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്ന തരത്തിലുള്ള ധാരണകളാണ് ഡീലിലുള്ളതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഈ അവകാശവാദങ്ങളെ യുഎസ് പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. ഡീൽ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമരൂപമായിട്ടില്ലെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രിവ്യക്തമാക്കി.

ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുമെന്ന വാർത്ത ആഗോള വിപണികളിൽ വലിയ ആവേശം സൃഷ്ടിച്ചു. ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിൽ താഴേക്ക് ഇടിഞ്ഞു. ആഗോള ഓഹരി വിപണികളിലും ഇന്ത്യയിലെ സെൻസെക്സ്-നിഫ്റ്റി സൂചികകളിലും രണ്ട് ശതമാനത്തിലധികം കുതിപ്പുണ്ടായി. നിക്ഷേപകരുടെ സമ്പത്തിൽ ഒറ്റദിവസം കൊണ്ട് 10 ലക്ഷം കോടിയുടെ വർധനവാണുണ്ടായത്. എന്നാൽ ഡീൽ ഒപ്പുവെക്കുന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പില്ലെന്ന ട്രംപിന്റെ പ്രസ്താവന വീണ്ടും വിപണിയിൽ ആശങ്ക പരത്തിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസും ഇറാനും പരസ്പരം പഴിചാരുകയാണ്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് ആരോപിച്ചപ്പോൾ ഇത് അവാസ്തവമാണെന്ന് ഇറാൻ തിരിച്ചടിച്ചു. സമുദ്രപാതകളിലെ വാണിജ്യക്കപ്പലുകൾക്ക് നേരെയുള്ള യുഎസ് നടപടികളിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ കടുത്ത പ്രതിഷേധം അറിയിച്ചു.

ഇറാന്റെ മരവിപ്പിച്ച 300 കോടി ഡോളർ തിരികെ നൽകിയെന്ന റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ യുഎഇ വിദേശകാര്യ മന്ത്രാലയം കർശനമായി നിഷേധിച്ചു. ഇത്തരമൊരു നീക്കമില്ലെന്നും വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും യുഎഇ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജെ.ഡി വാൻസും ഈ റിപ്പോർട്ടുകളെ തള്ളി.
പശ്ചിമേഷ്യൻ പ്രതിസന്ധി എണ്ണ വിപണിയിൽ യുഎസിന് വലിയ നേട്ടമായി മാറി. സൗദി അറേബ്യയെയും റഷ്യയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായി യുഎസ് മാറി.

ഹോർമുസ് കടലിടുക്കിലെ തടസങ്ങളും റഷ്യയ്ക്കെതിരായ ഉപരോധങ്ങളും സൗദിക്ക് തിരിച്ചടിയായപ്പോൾ ആ സാഹചര്യം യുഎസ് മുതലെടുക്കുകയായിരുന്നു. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ഹോർമുസ് കടക്കാൻ യുഎസ് സൈന്യം സഹായിക്കുന്നുണ്ടെന്നും, അല്ലെങ്കിൽ എണ്ണവില 150 ഡോളർ കടക്കുമായിരുന്നുവെന്നും യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് അവകാശപ്പെട്ടു. നിലവിൽ ഡബ്ല്യുടിഐ ക്രൂഡ് വില 84.88 ഡോളറും ബ്രെന്റ് വില 87.33 ഡോളറുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.