കെനിയ: കെനിയൻ കത്തോലിക്കാ വൈദികൻ ഫാദർ അലോയ്സ് ചെറൂയിയോട്ട് ബെറ്റിന്റെ കൊലപാതകത്തിൽ നിർണായക അറസ്റ്റ്. കേസിലെ മുഖ്യപ്രതി മെഷാക്ക് കിലിമോയെ കെനിയൻ പോലീസ് പിടികൂടി. കെരിയോ വാലിയിലെ ടോട്ട് മേഖലയിൽ നടന്ന മറ്റൊരു ഭൂമി തർക്കത്തിനിടയിൽ അമ്പെയ്ത് കൊലപാതകം നടത്തിയെന്ന കേസിൽ പ്രതിയെ നേരത്തെ പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ വൈദികന്റെ കൊലപാതകവുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ.
2025 മെയ് 22 ന് കക്ബികെൻ ഗ്രാമത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് മടങ്ങുമ്പോഴാണ് തോക്കുധാരികളായ അക്രമികൾ ഫാദർ ബെറ്റിനെ വെടിവെച്ചു കൊന്നത്. സമാധാനത്തിന്റെ വക്താവായിരുന്ന വൈദികന്റെ കൊലപാതകം ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വൈദികന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ ജൂൺ മൂന്നിന് നകുരു ജില്ലയിലെ റോഡരികിൽ നിന്നും കണ്ടെത്തിയത് കേസിനെ കൂടുതൽ സങ്കീർണാമാക്കിയിരിക്കുകയാണ്. സൈമൺ യേഗോ (45), കോളിൻസ് കിപ്യാറ്റിച്ച് (22) എന്നിവരെയാണ് മെയ് 30 ന് ടോട്ട് ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരും അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി സ്ഥിരീകരിച്ചു.
തങ്ങളുടെ ബന്ധുക്കളുടെ കൊലപാതകം ഫാദർ ബെറ്റിന്റെ മരണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഈ രണ്ട് യുവാക്കളെയും വൈദികൻ കൊല്ലപ്പെട്ട ടോട്ട് ഗ്രാമത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത് എന്നതും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ക്രമിനൽ സംഘങ്ങളുടെ കടുത്ത സ്വാധീനമുള്ള കെരിയോ വാലി മേഖലയിൽ നടന്ന ഈ തുടർച്ചയായ കൊലപാതകങ്ങൾ വലിയ ഭീതിയിലാണ് പ്രദേശവാസികളെ എത്തിച്ചിരിക്കുന്നത്. പ്രതിയെ പിടികൂടിയതോടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സഭയും. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.