ടെഹ്‌റാന്‍: ആഗോള സമ്പദ്‌വ്യവസ്ഥയെയും പശ്ചിമേഷ്യയേയും മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക സമാധാന കരാര്‍ ഇന്ന് ഒപ്പുവെച്ചേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇറാന്‍ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി ഉടനടി തുറന്ന് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കിലും കരാറിന്റെ അന്തിമ രൂപരേഖ ആയിട്ടില്ലെന്നും ഇന്ന് തന്നെ ഒപ്പുവെക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ജനീവയില്‍ വെച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രാഥമിക കരാര്‍ ഒപ്പുവെച്ചാല്‍ ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കും. കൂടാതെ അമേരിക്ക മരവിപ്പിച്ച ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികള്‍ വിട്ടുനല്‍കാനും എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാനും ധാരണയായിട്ടുണ്ട്. ഏറ്റവും തര്‍ക്ക വിഷയമായ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ള ആണവ പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാര്‍ രൂപീകരിക്കാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക പ്രാഥമിക സമാധാന കരാര്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒപ്പുവെക്കുമെന്ന് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നും അദേഹം എക്‌സിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.