സാവോ പോളോ: ബ്രസീലിലെ ദരിദ്ര ജനവിഭാഗങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഇറ്റാലിയൻ മിഷ്ണറി വൈദികൻ ഫാ. നസറേനോ ലാൻസിയോട്ടിയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജൂൺ 13 ശനിയാഴ്ച ബ്രസീലിലെ മാറ്റോ ഗ്രോസോയിലെ ജൗറുവിൽ നടന്ന ചടങ്ങിൽ വത്തിക്കാൻ പ്രതിനിധി കർദിനാൾ ജോവോ ബ്രാസ് ഡി അവിസ് ആണ് പ്രഖ്യാപനം നടത്തിയത്.
1940 ൽ റോമിൽ ജനിച്ച ഫാ. നസറേനോ ലാൻസിയോട്ടി 1971 ലാണ് ബ്രസീലിലെ മിഷൻ പ്രവർത്തനങ്ങൾക്കായി ജൗറുവിലെത്തിയത്. അവിടുത്തെ അവഗണിക്കപ്പെട്ട ജനതയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. 57 ഗ്രാമീണ സഭാ കൂട്ടായ്മകൾ രൂപീകരിച്ച അദേഹം പ്രാദേശിക സമൂഹത്തിനായി സ്കൂളുകൾ, പ്രായമായവർക്കായുള്ള വസതികൾ, സെമിനാരി എന്നിവ സ്ഥാപിച്ചു. ദരിദ്രരായ കുട്ടികൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിൽ മുൻകൈ എടുത്തു.
മയക്കു മരുന്ന് മാഫിയകൾക്കും ലൈംഗിക ചൂഷണങ്ങൾക്കും എതിരെ നടത്തിയ പോരാട്ടം വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിവെച്ചിരുന്നു. മരിയൻ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്‌സിലെ സജീവ അംഗമായിരുന്ന അദേഹം ദൈവമാതാവിന്റെ വിമലഹൃദയത്തോടുള്ള സമർപ്പണത്തിന്റെ പാതയിൽ വിശ്വാസികളെയും വൈദികരെയും നയിച്ചു.
2001 ഫെബ്രുവരി 11 നായിരുന്നു ഫാ. നസറേനോയ്ക്കു നേരെ ആക്രമണമുണ്ടായത്. അത്താഴം കഴിച്ചുകൊണ്ടിരിക്കെ അജ്ഞാതരായ അക്രമികൾ വൈദികന്റെ തലയ്ക്ക് പിന്നിൽ വെടിവെക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഫാ. നസറേനോ തന്റെ കൊലയാളികളോട് ക്ഷമിച്ചുകൊണ്ട് 2001 ഫെബ്രുവരി 22 ന് വിടവാങ്ങി.
അദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്ന ജൗറുവിലെ ഔർ ലേഡി ഓഫ് ദി പില്ലർ പള്ളി ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന പ്രധാന തീർത്ഥാടന കേന്ദ്രമാണ്. സഭയുടെ പ്രഖ്യാപനത്തോടെ സുവിശേഷത്തിനായി ജീവൻ നൽകിയ ഒരു വലിയ മിഷ്ണറിയുടെ സ്മരണയ്ക്കാണ് ആഗോള സഭ ആദരവ് അർപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.