ഓപ്പറേഷന്‍ സിന്ദൂര്‍: സെലെബി ഏവിയേഷന് ഇന്ത്യയില്‍ വിലക്ക്; 500 മില്യണ്‍ ഡോളറിന്റെ വിപണി മൂല്യം ഒറ്റരാത്രികൊണ്ട് ഇല്ലാതായെന്ന് കമ്പനി

 ഓപ്പറേഷന്‍ സിന്ദൂര്‍: സെലെബി ഏവിയേഷന് ഇന്ത്യയില്‍ വിലക്ക്; 500 മില്യണ്‍ ഡോളറിന്റെ വിപണി മൂല്യം ഒറ്റരാത്രികൊണ്ട് ഇല്ലാതായെന്ന് കമ്പനി

അങ്കാറ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക സംഘര്‍ഷത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടി. തുര്‍ക്കിയിലെ പ്രമുഖ വ്യോമയാന സേവന കമ്പനിയായ സെലെബി ഏവിയേഷന് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത വിലക്കാണ് കമ്പനിയുടെ ബിസിനസ് സാമ്രാജ്യത്തെ തകിടം മറിച്ചത്.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയതോടെ, കഴിഞ്ഞ 17 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കെട്ടിപ്പടുത്ത 500 മില്യണ്‍ ഡോളറോളം വിപണി മൂല്യമാണ് ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ കമ്പനി ചെയര്‍പേഴ്‌സണ്‍ കാനന്‍ സെലെബിയോഗ്ലുവാണ് നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ സൈനിക നീക്കമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഈ ഘട്ടത്തില്‍ തുര്‍ക്കി പരസ്യമായി പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാകിസ്ഥാനിലേക്ക് 350 ല്‍ അധികം ബെയ്റാക്തര്‍ ടിബി2, അസിസ്ഗാര്‍ഡ് സോംഗാര്‍ തുടങ്ങിയ അത്യാധുനിക ഡ്രോണുകളും അവ പ്രവര്‍ത്തിപ്പിക്കാന്‍ സൈനിക ഉദ്യോഗസ്ഥരെയും തുര്‍ക്കി അയച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ സൈനിക-സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഈ ഡ്രോണുകള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. സംഘര്‍ഷത്തിനിടയില്‍ രണ്ട് തുര്‍ക്കി സൈനിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത് തുര്‍ക്കിയുടെ നേരിട്ടുള്ള ഇടപെടലിന് തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യയിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് രംഗത്തെ ഏറ്റവും വലിയ ശക്തിയായിരുന്നു സെലെബി ഏവിയേഷന്‍. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊച്ചി ഉള്‍പ്പെടെ ഒമ്പത് പ്രധാന വ്യോമയാന ഹബ്ബുകളിലെ പ്രവര്‍ത്തനങ്ങള്‍ ഇവരുടെ കീഴിലായിരുന്നു. പ്രതിവര്‍ഷം 58000 വിമാനങ്ങളും 5.4 ലക്ഷം ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്തിരുന്ന ഈ കമ്പനിയുടെ പ്രവര്‍ത്തനം സുരക്ഷാ കാരണങ്ങളാല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പെട്ടെന്ന് നിര്‍ത്തലാക്കുകയായിരുന്നു.

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന, യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കല്‍ തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിലായിരുന്നു സെലെബി പ്രവര്‍ത്തിച്ചിരുന്നത്. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ കടുത്ത നടപടി സ്വീകരിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ എയര്‍പോര്‍ട്ട് സര്‍വീസുകള്‍ തടസപ്പെടാതിരിക്കാന്‍ ഇവരുടെ പതിനായിരത്തോളം ജീവനക്കാരെ മറ്റ് ഓപ്പറേറ്റര്‍മാരിലേക്ക് മാറ്റുകയും ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.

സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ സെലെബി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്നും തിരിച്ചടിയാണ് നേരിട്ടത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, ക്ഷമിക്കുന്നതിനേക്കാള്‍ നല്ലത് ജാഗ്രത പാലിക്കുന്നതാണെന്ന് നിരീക്ഷിച്ച് സര്‍ക്കാര്‍ ഉത്തരവ് ശരിവെക്കുകയായിരുന്നു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ മകള്‍ക്ക് കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.

പാകിസ്ഥാനെ സൈനികമായി സഹായിക്കുന്ന നിലപാട് തുര്‍ക്കി സ്വീകരിച്ച സാഹചര്യത്തില്‍, രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിര്‍ണായക മേഖലകളില്‍ ഒരു തുര്‍ക്കി കമ്പനിയെ അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.