അധികാരത്തിന്റെ സിംഹാസനമൊഴിഞ്ഞ് അൾത്താരയിലേക്ക്; ഓസ്‌ട്രേലിയയുടെ പ്രിയപ്പെട്ട വൈദികൻ ഫാ. മൈക്കൽ ടേറ്റ് ഓർമ്മയായി

അധികാരത്തിന്റെ സിംഹാസനമൊഴിഞ്ഞ് അൾത്താരയിലേക്ക്; ഓസ്‌ട്രേലിയയുടെ പ്രിയപ്പെട്ട വൈദികൻ ഫാ. മൈക്കൽ ടേറ്റ് ഓർമ്മയായി

ഹോബാർട്ട്: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലെ അതികായനും മുൻ നീതിന്യായ മന്ത്രിയുമായിരുന്ന ഫാ. മൈക്കൽ ടേറ്റ് (80) അന്തരിച്ചു. രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് ക്രിസ്തുവിന്റെ വിനീത ദാസനായി മാറി ടാസ്മാനിയയിലെ സാധാരണക്കാർക്കിടയിൽ സേവനം ചെയ്ത അദേഹം കാമറക്കണ്ണുകൾക്കപ്പുറം ദൈവത്തിന്റെ വലിയൊരു ദൗത്യം നിർവ്വഹിച്ചാണ് വിടവാങ്ങിയത്. ദീർഘകാലമായി രോഗബാധിതനായിരുന്ന വൈദികൻ ആർച്ച് ബിഷപ്പ് ടോണി അയർലൻഡിൽ നിന്ന് അന്ത്യശുശ്രൂഷകൾ സ്വീകരിച്ചാണ് നിത്യതയിലേക്ക് യാത്രയായത്.

1996 ൽ വത്തിക്കാനിലെ ഓസ്‌ട്രേലിയൻ അംബാസഡർ പദവി ഒഴിയുന്ന വേളയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി നടന്ന സംഭാഷണം ചരിത്രമായി. "ഇനിയെന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?" എന്ന പാപ്പയുടെ ചോദ്യത്തിന് "ഞാൻ വൈദികനാകാൻ പഠിക്കാൻ പോകുകയാണ്" എന്ന മൈക്കൽ ടേറ്റിന്റെ മറുപടി പാപ്പയെ പോലും അമ്പരപ്പിച്ചു. വൈകി വന്ന ദൈവവിളി എന്ന് പാപ്പ തമാശരൂപേണ പറഞ്ഞപ്പോൾ അല്ല പരിശുദ്ധ പിതാവേ, ഇത് വളരെ നേരത്തെ ഉണ്ടായതാണ്, സ്വീകരിക്കാൻ വൈകിപ്പോയതാണ് എന്ന തിരുത്തൽ അദേഹത്തിന്റെ ആത്മീയതയുടെ ആഴം വെളിവാക്കുന്നതായിരുന്നു.

1945 ൽ സിഡ്നിയിൽ ജനിച്ച മൈക്കൽ ടേറ്റ് 1977 ൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. 1987 മുതൽ 1993 വരെ നീതിന്യായ മന്ത്രിയായിരിക്കെ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് പുനസംഘടന, തോക്ക് നിയന്ത്രണ നിയമങ്ങൾ തുടങ്ങി ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങൾക്ക് നേതൃത്വം നൽകി.

എന്നാൽ 1993-ലെ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തിലെ കളികൾ മാറിമറിഞ്ഞപ്പോൾ അംബാസഡറായി നെതർലാന്റിലും വത്തിക്കാനിലും എത്തിയ അദേഹം അവിടെ വെച്ചാണ് തന്റെ യഥാർത്ഥ വിളി തിരിച്ചറിഞ്ഞത്. 2000-ൽ തന്റെ 54-ാം വയസിൽ ഹോബാർട്ടിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് വൈദികനായി അഭിഷിക്തനായി. പിന്നീട് നീണ്ട 26 വർഷക്കാലം യാതൊരു ആഡംബരങ്ങളുമില്ലാതെ സാധാരണ ജനങ്ങൾക്കിടയിൽ ഒരു നല്ല ഇടയനായി ജീവിച്ചു.

മൈക്കൽ ടേറ്റിന്റെ വിയോഗത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അനുശോചിച്ചു. "പാർലമെന്റേറിയൻ, മന്ത്രി, നയതന്ത്രജ്ഞൻ, വൈദികൻ എന്നിങ്ങനെ എല്ലാ മേഖലകളിലും മൈക്കൽ ടേറ്റ് അസാധാരണമായ വ്യക്തിമുദ്ര പതിപ്പിച്ചു," പ്രധാനമന്ത്രി കുറിച്ചു. അധികാരം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പാത പിന്തുടർന്ന അദേഹത്തിന്റെ ജീവിതം വരുംതലമുറകൾക്ക് എക്കാലവും പ്രചോദനമായിരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.