ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി വെച്ചു; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജി വെക്കുന്ന ആറാമത്തെ ഭരണാധികാരി

ബ്രിട്ടീഷ്  പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി വെച്ചു; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജി വെക്കുന്ന ആറാമത്തെ ഭരണാധികാരി

ഡേവിഡ് കാമറൂണ്‍, തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവര്‍ക്ക് പിന്നാലെ കെയര്‍ സ്റ്റാര്‍മറും കാലാവധി പൂര്‍ത്തിയാക്കാതെ പടിയിറങ്ങുകയാണ്.

ലണ്ടന്‍: കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ രാജി വെച്ചു. സ്വന്തം പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും നേരിട്ട കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഈ അപ്രതീക്ഷിത നീക്കം. ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചത്.

ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജി വെക്കുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍. ഭാര്യയോടൊപ്പം 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്തേക്ക് വന്ന സ്റ്റാര്‍മറെ ജനങ്ങള്‍ ആര്‍പ്പുവിളികളോടെയും കയ്യടികളോടെയുമാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് അദ്ദേഹം തന്റെ രാജി പ്രസ്താവന നടത്തിയത്.

രണ്ട് വര്‍ഷം മുന്‍പ് ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയത് തന്റെ ജീവിതത്തിലെ 'ഏറ്റവും അഭിമാനകരമായ നിമിഷം' ആയിരുന്നുവെന്ന് അദേഹം അനുസ്മരിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

2024 മുതല്‍ തന്റെ ഭരണ കാലത്ത് നടപ്പായ സാമ്പത്തിക വളര്‍ച്ച, വര്‍ധിച്ചു വരുന്ന വേതനം, ഉയര്‍ന്ന നിക്ഷേപങ്ങള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, എന്‍എച്ച്എസ് കാത്തിരിപ്പ് പട്ടികയിലെ കുറവ്, തൊഴിലാളികള്‍ക്കും വാടകക്കാര്‍ക്കും മെച്ചപ്പെട്ട അവകാശങ്ങള്‍, പ്രതിരോധ മേഖലയിലെ ഉയര്‍ന്ന ചെലവഴിക്കല്‍, ചെറിയ ബോട്ടുകളിലെ അനധികൃത കുടിയേറ്റം കുറയ്ക്കല്‍, കുട്ടികളുടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ എന്നിവ അദേഹം ചൂണ്ടിക്കാണിച്ചു.

എന്നാല്‍ തുടര്‍ച്ചയായ വിവാദങ്ങള്‍, നയപരമായ തീരുമാനങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം, ജനപിന്തുണയിലെ ഇടിവ് എന്നിവയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റാര്‍മറുടെ കസേരയ്ക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. 2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തതു പോലെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ലേബര്‍ പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

ലേബര്‍ പാര്‍ട്ടിയിലെ തന്നെ അദേഹത്തിന്റെ എതിരാളിയായ ആന്‍ഡി ബേണ്‍ഹാം പാര്‍ലമെന്റ് സീറ്റ് നേടിയതോടെ ഔദ്യോഗിക നേതൃത്വ വെല്ലുവിളി ഉയര്‍ത്താന്‍ വേദി ഒരുങ്ങുകയും സമ്മര്‍ദ്ദം ശക്തമാകുകയും ചെയ്തു. ഹൗസ് ഓഫ് കോമണ്‍സിലെ ലേബര്‍ പാര്‍ട്ടി പ്രതിപ്രതിനിധികളുടെ നാലിലൊന്നോളം വരുന്ന നൂറിലധികം ജനപ്രതിനിധികള്‍ സ്റ്റാര്‍മര്‍ രാജിവെക്കണമെന്നോ അല്ലെങ്കില്‍ പടിയിറങ്ങുന്നതിനുള്ള വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നോ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ തുടര്‍ച്ചയാണ് ഈ രാജി. ഡേവിഡ് കാമറൂണ്‍, തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവര്‍ക്ക് ശേഷം കെയര്‍ സ്റ്റാര്‍മറും കാലാവധി പൂര്‍ത്തിയാക്കാതെ പടിയിറങ്ങുമ്പോള്‍ രാജ്യം വലിയൊരു ഭരണ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.