'വെള്ളം തന്നില്ലെങ്കില്‍ യുദ്ധത്തിനിറങ്ങും'; ഇന്ത്യയ്‌ക്കെതിരെ പരസ്യ ഭീഷണിയുമായി പാകിസ്ഥാന്‍

'വെള്ളം തന്നില്ലെങ്കില്‍ യുദ്ധത്തിനിറങ്ങും'; ഇന്ത്യയ്‌ക്കെതിരെ പരസ്യ ഭീഷണിയുമായി പാകിസ്ഥാന്‍

ഇസ്ലമാബാദ്: ഇന്ത്യയ്ക്കെതിരെ യുദ്ധ ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല കരാര്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭീഷണി. എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.

'നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം നമ്മള്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങും. അതില്‍ യാതൊരു സംശയവുമില്ല. ജലവിതരണം തടസപ്പെടുത്താന്‍ ഇന്ത്യ അസാധാരണ വേഗത്തില്‍ നീങ്ങുന്നുവെന്ന് തെളിവ് ലഭിച്ചാല്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കും'- ഖ്വാജ ആസിഫ് പറഞ്ഞു.

2025 ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് 1960ലെ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ വിശ്വസനീയവും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ കരാര്‍ പുനസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ലോക ബാങ്കിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ കരാര്‍ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളവും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാകിസ്ഥാന് അനുമതിയുണ്ട്. എന്നാല്‍, വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പാക് സര്‍ക്കാരിന്റെ കടുത്ത പരാജയമാണ് നിലവിലെ ജലക്ഷാമത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ശ്രമമെന്നും അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.