മനില: ഫിലിപ്പീന്‍സിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഏഴിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മധ്യ ഫിലിപ്പീന്‍സിലെ ലെയ്‌റ്റെ പ്രവിശ്യയിലുള്ള ടാക്ലോബാന്‍ സിറ്റി സാന്‍ ജോസ് നാഷനല്‍ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതികളായ 14 ഉം 15 ഉം വയസുള്ള രണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫിലിപ്പീന്‍സില്‍ സ്‌കൂള്‍ വെടിവയ്പ്പുകള്‍ അപൂര്‍വമാണ്.
അക്രമം നടത്തിയ ഉടന്‍ തന്നെ ഒരു പ്രതിയെ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയിരുന്നു. രണ്ടാമന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ട് സമീപത്തെ വീട്ടില്‍ ഒളിച്ചെങ്കിലും പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളുടെ പേര് വിവരങ്ങള്‍ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല.
സ്‌കൂളില്‍ നേരിടേണ്ടി വന്ന നിരന്തരമായ റാഗിങും പരിഹാസങ്ങളുമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. സംഭവ സമയം ക്ലാസ് മുറികളിലേക്ക് ഇരച്ച് കയറിയ പ്രതികള്‍ കയ്യിലുണ്ടായിരുന്ന തോക്കുകള്‍ ഉപയോഗിച്ച് തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ക്ലാസ് മുറിയില്‍ വെടിവയ്പ്പ് നടത്തിയ ശേഷം ഭയന്നോടിയ കുട്ടികളെ പിന്തുടര്‍ന്ന് അടുത്ത ക്ലാസിലും ഇവര്‍ അക്രമം നടത്തി.
കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. സംഭവ സ്ഥലത്ത് നിന്ന് നാല്‍പ്പതോളം വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.