കുഞ്ഞുങ്ങളിലെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ സ്‌ക്രീനിങ് ശക്തമാക്കണം: ലോകാരോഗ്യ സംഘടന

കുഞ്ഞുങ്ങളിലെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ സ്‌ക്രീനിങ് ശക്തമാക്കണം: ലോകാരോഗ്യ സംഘടന

ജനീവ: നവജാത ശിശുക്കളിലെ ജന്മനായുള്ള വൈകല്യങ്ങളും ജനിതക രോഗങ്ങളും ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ ആഗോള തലത്തില്‍ സ്‌ക്രീനിങ് സംവിധാനങ്ങള്‍ അടിയന്തരമായി ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന. ജൂണ്‍ 23 ന് ജനീവയില്‍ പുറത്തിറക്കിയ

നവജാത ശിശുക്കളുടെ പരിശോധന, രോഗ നിര്‍ണയം, ജനന വൈകല്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്കുള്ള ശേഷി ശക്തിപ്പെടുത്തല്‍ (Strengthening capacity for newborn screening, diagnosis and management of birth defects) എന്ന പുതിയ സാങ്കേതിക റിപ്പോര്‍ട്ടിലാണ് ഡബ്ല്യു.എച്ച്.ഒ ഈ നിര്‍ണായക നിര്‍ദേശം മുന്നോട്ടുവെച്ചത്.

ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗുരുതരമായ ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഒഴിവാക്കാനും ജനന സമയത്ത് തന്നെ നടത്തുന്ന കൃത്യമായ പരിശോധനകള്‍ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും ഓരോ വര്‍ഷവും ഏകദേശം 80 ലക്ഷത്തോളം കുട്ടികളാണ് ജന്മനാ ഉള്ള വൈകല്യങ്ങളോടെ ജനിക്കുന്നത്.

ആഗോളതലത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ എട്ട് ശതമാനത്തോളം സംഭവിക്കുന്നത് ഇത്തരം വൈകല്യങ്ങള്‍ മൂലമാണ്. ഇതില്‍ ഗുരുതരമായ ജന്മനാ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളില്‍ 90 ശതമാനവും ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പിന്നോക്ക-മധ്യവര്‍ഗ രാജ്യങ്ങളിലാണ് ഉള്ളത്. പകര്‍ച്ച വ്യാധികളും മറ്റ് തടയാവുന്ന രോഗങ്ങളും മൂലമുള്ള മരണ നിരക്ക് രാജ്യങ്ങള്‍ വിജയകരമായി കുറച്ചതോടെ, ആകെ മരണങ്ങളില്‍ ജന്മനായുള്ള വൈകല്യങ്ങള്‍ മൂലമുള്ള മരണങ്ങളുടെ അനുപാതം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്.

ദക്ഷിണേഷ്യയില്‍ 2000 ല്‍ ഇത് വെറും മൂന്ന് ശതമാനം ആയിരുന്നെങ്കില്‍ 2023 ആയപ്പോഴേക്കും 11 ശതമാനത്തിലേക്ക് ഉയര്‍ന്നു. സമാനമായി ആഫ്രിക്കന്‍ മേഖലകളില്‍ ഇത് ഒരു ശതമാനത്തില്‍ നിന്ന് നാല് ശതമാനം ആയും ഉയര്‍ന്നിട്ടുണ്ട്. ഒരു കുട്ടിയുടെയും ആരോഗ്യമുള്ള ഭാവി ജന്മനായുള്ള അസുഖങ്ങള്‍ നേരത്തെ കണ്ടെത്താത്തതു കൊണ്ട് മാത്രം നഷ്ടപ്പെടരുതെന്നും നവജാത ശിശുക്കളുടെ സ്‌ക്രീനിങ് സംവിധാനങ്ങള്‍ ഒരു രാജ്യം തങ്ങളുടെ കുട്ടികളുടെ ഭാവിക്കായി നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് വ്യക്തമാക്കി.

ഇന്ത്യയുടെ മാതൃകയെ പരാമര്‍ശിച്ച് റിപ്പോര്‍ട്ട്

പല വികസിത രാജ്യങ്ങളും കുട്ടികളില്‍ 50 ല്‍ അധികം രോഗങ്ങള്‍ ജനന സമയത്ത് തന്നെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ പാവപ്പെട്ട രാജ്യങ്ങളില്‍ ഇതിനുള്ള സംവിധാനമില്ല. എന്നാല്‍ പരിമിതമായ സാഹചര്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ രംഗത്ത് നടത്തുന്ന വന്‍കിട ഇടപെടലുകളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

ഇന്ത്യയിലെ ദേശീയ സ്‌ക്രീനിങ് പ്രോഗ്രാമിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2.8 കോടിയലധികം കുട്ടികളെ പരിശോധിക്കാന്‍ സാധിച്ചു. ഇതില്‍ നിന്നും വൈകല്യങ്ങള്‍ കണ്ടെത്തിയ ഒന്‍പത് ലക്ഷത്തോളം കുട്ടികള്‍ക്ക് കൃത്യമായ രോഗ നിര്‍ണയവും ജില്ലാതല ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി ദീര്‍ഘകാല പുനരധിവാസ സഹായങ്ങളും ഉറപ്പാക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടില്‍ പ്രത്യേകം വ്യക്തമാക്കുന്നു. അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

എല്ലാ രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ച് കുറഞ്ഞത് തങ്ങളുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗത്തിനെങ്കിലും ഉള്ള സ്‌ക്രീനിങ് നിര്‍ബന്ധമാക്കണമെന്നും പിന്നീട് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് അത് വിപുലീകരിക്കണമെന്നുമാണ് ഡബ്ല്യു.എച്ച്.ഒ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. ഇതിനായി ഹെല്‍ത്ത് മിനിസ്ട്രികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഉറപ്പാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.