ഗുരുതര രോഗം ഭേദമാകില്ല, അസഹനീയമായ വേദനയും; 12 വയസില്‍ താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പാക്കി നെതര്‍ലന്‍ഡ്

ഗുരുതര രോഗം ഭേദമാകില്ല, അസഹനീയമായ വേദനയും; 12 വയസില്‍ താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പാക്കി നെതര്‍ലന്‍ഡ്

ആംസ്റ്റര്‍ഡാം: രണ്ട് വര്‍ഷം മുമ്പ് നടപ്പാക്കിയ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നെതര്‍ലന്‍ഡില്‍ ആദ്യമായി പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പിലാക്കി. ഗുരുതര രോഗം ഭേദമാകില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കുട്ടി അനുഭവിക്കുന്ന അസഹനീയമായ വേദനയും പരിഗണിച്ചാണ് ദയാവധം നടപ്പിലാക്കിയതെന്ന് നെതര്‍ലാന്‍ഡ് ആരോഗ്യ മന്ത്രി സോഫി ഹെര്‍മന്‍സ് അറിയിച്ചു.

കുട്ടി അസഹനീയമായ വേദന അനുഭവിച്ചിരുന്നതായും രോഗം ഭേദമാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്നും വ്യക്തമായാല്‍ മാത്രമേ നിയമമനുസരിച്ച് ദയാവധത്തിന് അനുമതി നല്‍കുകയുള്ളൂ. കൂടാതെ മാതാപിതാക്കളുടെ സമ്മതം, ചികിത്സിക്കുന്ന ഡോക്ടര്‍ക്കു പുറമേ മറ്റൊരു ഡോക്ടറുടെ സ്വതന്ത്ര അഭിപ്രായം എന്നിവയും കണക്കിലെടുക്കും.

ഈ കുട്ടിയുടെ ദയാവധത്തില്‍ ഇവയെല്ലാം കൃത്യമായി പാലിച്ചിരുന്നുവെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇത്തരം പരിശോധനകള്‍ക്കായി എല്ലാ ദയാവധ കേസുകളിലെയും പോലെ ഇതും പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസിലേക്ക് റഫര്‍ ചെയ്തിട്ടുള്ളതായി സോഫി ഹെര്‍മന്‍സ് പാര്‍ലമെന്റില്‍ അറിയിച്ചു.

2024 ലാണ് കര്‍ശന വ്യവസ്ഥകളോടെ ഒന്നു മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കും നെതര്‍ലന്‍ഡില്‍ ദയാവധം നടപ്പിലാക്കാമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. അതിനുമുമ്പ് പന്ത്രണ്ട് വയസിന് ശേഷവും അല്ലെങ്കില്‍ നവജാത ശിശുവായിരിക്കുമ്പോഴും മാത്രമായിരുന്നു ദയാവധം പരിഗണിച്ചിരുന്നത്.

2002 ല്‍ ലോകത്തിലാദ്യമായി ദയാവധം അംഗീകരിച്ച രാജ്യമാണ് നെതര്‍ലന്‍ഡ്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള രോഗികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് മരിക്കാന്‍ അനുവദിക്കണമെന്ന നിയമമാണ് 2002 ല്‍ പാര്‍ലമെന്റ് അംഗീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.