വാഷിങ്ടണ്‍: തങ്ങളുടെ ആണവ പദ്ധതികള്‍ ദീര്‍ഘ കാലത്തേക്ക് അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കാമെന്ന് ഇറാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു വിട്ടുവീഴ്ചയാണിതെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അവസാനം കാണാന്‍ യു.എസ്-ഇറാന്‍ പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡിലെത്തി ചര്‍ച്ചകള്‍ നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ കരാറില്‍ അത്തരം വ്യവസ്ഥകളൊന്നും ഇല്ലെന്നാണ് ഇറാന്റെ പ്രതികരണം.
'എതിര്‍പ്പുകളും തെറ്റായ പ്രസ്താവനകളും മാധ്യമങ്ങളുടെ പ്രചാരണങ്ങളും വകവെക്കാതെയാണ് ഇറാന്‍ ആണവ പരിശോധനകള്‍ക്ക് പൂര്‍ണമായും സമ്മതിച്ചത്. ഇത് 'ആണവ സത്യസന്ധത' ഉറപ്പാക്കും. അവര്‍ ഇതിന് സമ്മതിച്ചിരുന്നില്ലെങ്കില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നില്ല'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാന്‍ മറ്റ് വിട്ടുവീഴ്ചകള്‍ക്കുകൂടി തയ്യാറായ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടാന്‍ സമ്മതിച്ചതായും ട്രംപ് പറഞ്ഞു. അടിയന്തര നാവിക ഉപരോധം ഒഴിവാക്കും. അതേസമയം, സാഹചര്യം മാറിയാല്‍ ഏതു നിമിഷവും ഉപരോധം ഏര്‍പ്പെടുത്താന്‍ പാകത്തില്‍ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടാകുമെന്നും നിലവില്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) പരിശോധകരെ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ ഇറാന്‍ സമ്മതിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അവകാശപ്പെട്ടിരുന്നു. അമേരിക്കക്കാരെന്ന നിലയില്‍ തങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണിതെന്നായിരുന്നു വാന്‍സിന്റെ പ്രതികരണം. എന്നാല്‍, വാന്‍സിന്റെ അവകാശവാദം തള്ളിക്കളഞ്ഞ ഇറാന്‍, ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷകരുമായുള്ള സഹകരണം നിലവിലെ രീതികള്‍ അനുസരിച്ച് തുടരുമെന്ന് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.