മാനുഷികമായ വിജ്ഞാനം ധാർഷ്ട്യമായും സിദ്ധാന്തങ്ങൾ അഹന്തയായും അധപതിക്കും: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

മാനുഷികമായ വിജ്ഞാനം ധാർഷ്ട്യമായും സിദ്ധാന്തങ്ങൾ അഹന്തയായും അധപതിക്കും: ഞായറാഴ്ച സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തു നമ്മുടെ ക്ലേശങ്ങൾ ഏറ്റെടുക്കുകയും യുദ്ധക്കെടുതികൾക്കിടയിലും നമുക്ക് പ്രത്യാശ പകരുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ലോകത്തിലെ തിന്മകൾക്കുള്ള ഉത്തരമാണ് ക്രിസ്തു. ദൈവിക ജ്ഞാനം വെളിപ്പെടുന്നത് അവിടത്തെ മനുഷ്യാവതാരത്തിന്റെ എളിമയിലാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ഞായറാഴ്ച വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പാ. നമ്മുടെ കഷ്ടപ്പാടുകളുടെയും സഹനങ്ങളുടെയും ഭാരം ലഘൂകരിക്കപ്പെടുന്നത് ക്രിസ്തുവിലൂടെ മാത്രമാണെന്ന് ലിയോ പാപ്പാ പറഞ്ഞു.

'ക്രിസ്തു അടിമത്തത്തിൽ വിമോചനമാണ്, യുദ്ധക്കെടുതികൾക്കിടയിൽ നമ്മുടെ പ്രത്യാശയും പാപത്തിന്റെ മണിക്കൂറുകളിൽ ക്ഷമയും അവിടന്നാണ്' - മാർപാപ്പ ഊന്നിപ്പറഞ്ഞു. പുത്രനെന്ന നിലയിൽ നമ്മുടെ സഹോദരനായിത്തീർന്നുകൊണ്ട് യേശു നമ്മെ പഠിപ്പിച്ച യഥാർത്ഥ ജ്ഞാനവും നാം ഒരുമിച്ചു സഞ്ചരിക്കേണ്ട വഴിയും ഇതുതന്നെയാണ്. പരിശുദ്ധാത്മാവിന്റെശക്തിയാൽ ദൈവത്തെയും മനുഷ്യത്വത്തെയും കുറിച്ചുള്ള ഈ സത്യം അവിടന്ന് സഭയിലൂടെ വെളിപ്പെടുത്തുന്നു.

മനുഷ്യത്വത്തിനേറ്റ മുറിവുകൾ യേശു സ്വയം ഏറ്റെടുക്കുന്നു

നമ്മുടെ കുരിശ് നമ്മോടൊപ്പം വഹിച്ചുകൊണ്ട് യേശു അതിനെ വഹിക്കാനെളുപ്പമുള്ളതാക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നു. നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങളിൽ അവിടന്ന് ഒരിക്കലും നമ്മെ തനിച്ചാക്കുന്നില്ല. ഒരു യഥാർത്ഥ ഗുരു എന്ന നിലയിൽ, തിന്മകളാല്‍ മുറിവേറ്റ നമ്മുടെ മനുഷ്യത്വത്തെ സുഖപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമായി യേശു അത് സ്വയം ഏറ്റെടുക്കുന്നു. കുരിശിന്റെ പ്രാധാന്യം കൃത്യമായി മനസ്സിലാക്കുന്നതിലൂടെ മാത്രമേ നമുക്ക് ആശ്വാസവും പ്രത്യാശയും കണ്ടെത്താൻ സാധിക്കൂ എന്ന് പാപ്പ വിശദീകരിച്ചു.

ക്രിസ്തുവിൽ നിന്ന് നമുക്ക് ലഭിക്കുന്ന ജ്ഞാനം നമ്മുടെ രക്ഷയുടെ പ്രഖ്യാപനം കൂടിയാണ്. 'അവിടത്തെ നുകം എല്ലാ വീഴ്ചകളിൽ നിന്നും നമ്മെ ഉയർത്തുന്നു' - ആ ദിവസത്തെ സുവിശേഷ വായനയിൽനിന്ന് (മത്തായി 11: 25-30) ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു. ഇക്കാരണത്താൽ, ക്രിസ്തുവിനെ പിന്തുടർന്നുള്ള നമ്മുടെ യാത്ര ആത്മപരിത്യാഗങ്ങളാൽ നമ്മെ വിഷമിപ്പിക്കേണ്ട ഒന്നല്ല, മറിച്ച്, സ്വാതന്ത്ര്യത്തിന്റെ പരിശീലനക്കളരിയാണ്. കഴിഞ്ഞുപോയ ഇന്നലെകളിലെ ഇരുണ്ട നിമിഷങ്ങളിൽപോലും വെളിച്ചം വീശി ജീവിതത്തിൻ്റെ അർത്ഥം ഗ്രഹിക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു.

'യേശുവിൻ്റെ കുരിശിൽ മാത്രമേ തിന്മയെ കീഴടക്കാൻ നമുക്കു കഴിയൂ, അവിടത്തെ പീഡാനുഭവത്തിൽ മാത്രമേ മാനുഷികമായ നമ്മുടെ ദൗർബല്യങ്ങൾക്ക് ആശ്വാസവും പരിഹാരവും കണ്ടെത്താൻ സാധിക്കൂ' - മാർപാപ്പ എടുത്തുപറഞ്ഞു.

ദൈവികമായ പ്രബോധനം എളിയവർക്കുള്ളത്

എന്നിരുന്നാലും, ക്രിസ്തുവിൻ്റെ സ്നേഹം മനസ്സിലാകണമെങ്കിൽ എളിമ ഒരു അനിവാര്യ ഘടകമാണെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. തന്നോടൊപ്പം പിതാവായ ദൈവത്തെ സ്തുതിക്കാൻ ഈ സുവിശേഷഭാഗത്ത് യേശു നമ്മെയും ക്ഷണിക്കുന്നു. ശിശുക്കൾക്കു മാത്രം വെളിപ്പെടുന്നതും ബുദ്ധിമാന്മാരിൽനിന്നും വിവേകികളിൽനിന്നും മറഞ്ഞിരിക്കുന്നതുമായ ലളിതവും സ്വാഭാവികവുമായ ഒരു ആനന്ദത്തിന്റെ ബഹിർസ്ഫുരണമായി ഇതിനെ മാർപാപ്പ വിശേഷിപ്പിച്ചു.

സ്വന്തം ആശയങ്ങളാൽ നിറഞ്ഞിരുന്നതിനാൽ, തൻ്റെ ജനത്തെ സന്ദർശിക്കാൻ വന്ന ക്രിസ്തുവിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ അവർ പരാജയപ്പെട്ടു. മാനുഷികമായ ജ്ഞാനം ധാർഷ്ട്യമായും സിദ്ധാന്തങ്ങൾ അഹന്തയായും അധഃപതിക്കുന്നതിൻ്റെ ഉദാഹരണമാണിതെന്ന് ലിയോ പാപ്പാ ചൂണ്ടികാട്ടി.

നേരെ വിപരീതമായി, ദൈവത്തിൻ്റെ ജ്ഞാനം വെളിപ്പെടുന്നത് മനുഷ്യാവതാരത്തിന്റെ എളിമയിലാണ്. കഷ്ടപ്പെടുന്നവരെ അഭിസംബോധന ചെയ്താണ് അവിടന്ന് പഠിപ്പിക്കുന്നത്. 'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍' (മത്തായി 11 : 28) 'യഥാർത്ഥത്തിൽ യേശു പറയാൻ ആഗ്രഹിക്കുന്ന 'നുകം' സ്നേഹത്തിൽ സ്വയം ദാനമായി നൽകുന്നതാണ് . എല്ലാവരോടുമുള്ള സ്നേഹത്താൽ ജ്വലിക്കുക എന്നതാണ് അവിടത്തെ പ്രബോധനത്തിന്റെയും ജ്ഞാനത്തിൻ്റെയും അന്തസത്ത' - ലിയോ പാപ്പാ ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.