നൈജീരിയയിൽ ക്രൂരതയുടെ പരമ്പര; തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ മതബോധകൻ തടങ്കലിൽ കൊല്ലപ്പെട്ടു

നൈജീരിയയിൽ ക്രൂരതയുടെ പരമ്പര; തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ മതബോധകൻ തടങ്കലിൽ കൊല്ലപ്പെട്ടു

കടുന: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഭീകരരുടെ തടങ്കലിൽ കഴിഞ്ഞിരുന്ന കത്തോലിക്കാ മതബോധകൻ വിക്ടർ പോൾ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ കൊല്ലപ്പെട്ടതായി കടുന അതിരൂപത സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ തട്ടിക്കൊണ്ടുപോയ ഇദേഹം പട്ടിണിയും മർദനവും മൂലമാണ് മരണപ്പെട്ടതെന്ന് അതിരൂപതാ അധികൃതർ അറിയിച്ചു.

2026 ഫെബ്രുവരി ഒമ്പതിന് കഗാർകോ ഡിസ്ട്രിക്റ്റിലുള്ള വീട്ടിൽ വെച്ചാണ് വിക്ടർ പോളിനെയും കുടുംബത്തെയും മുപ്പതോളം പേരെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. വിക്ടർ പോളിന്റെ മകൻ നേരത്തെ തന്നെ തടങ്കലിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ക്രൂരമായ പീഡനങ്ങൾക്കും ആഹാരം നൽകാതെയുള്ള പട്ടിണിക്കിടലിനും ഒടുവിൽ അദേഹം മരണപ്പെടുകയായിരുന്നുവെന്ന് കടുന അതിരൂപത ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകെവു ഇമ്മാനുവൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

ഫെബ്രുവരിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മുപ്പതോളം പേരിൽ വിക്ടർ പോളിന്റെ ഭാര്യ ഉൾപ്പെടെയുള്ള 11 സ്ത്രീകളെയും കുട്ടികളെയും മോചനദ്രവ്യമായി 30 ദശലക്ഷം നൈറയും നാല് മോട്ടോർ സൈക്കിളുകളും നൽകി ഏപ്രിൽ അഞ്ചിന് മോചിപ്പിച്ചു. പിന്നീട് മെയ് ഒന്നിന് ഒമ്പത് പുരുഷന്മാരെയും മോചിപ്പിച്ചു. ഏറ്റവും ഒടുവിലായി ജൂൺ 30 ന് നാലുപേരെ കൂടി മോചിപ്പിച്ചതോടെയാണ് തടവിലുണ്ടായിരുന്നവരിൽ ജീവനോടെ തിരിച്ചെത്തിയവരുടെ വിവരങ്ങൾ പുറത്തുവന്നത്.

ബാക്കിയുള്ളവർ കൊല്ലപ്പെട്ടുവെന്ന വാർത്ത അതിരൂപതയെയും വിശ്വാസി സമൂഹത്തെയും വലിയ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം ഈ കൊലപാതകങ്ങളെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ നൈജീരിയൻ സർക്കാരോ പൊലീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നൈജീരിയയിലുടനീളം ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും യാതൊരു കുറവും സംഭവിക്കുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ദാരുണമായ ഉദാഹരണമാണ് വിക്ടർ പോളിന്റെ മരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.