പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി: കുവൈറ്റിലെയും ബഹ്‌റിനിലെയും യു.എസ് താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ശക്തമായ തിരിച്ചടിയുമായി അമേരിക്ക

 പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി: കുവൈറ്റിലെയും ബഹ്‌റിനിലെയും യു.എസ് താവളങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ശക്തമായ തിരിച്ചടിയുമായി അമേരിക്ക

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി കുവൈറ്റിലെയും ബഹ്റിനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ഇറാന്റെ നീക്കത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും, ഖത്തറിലടക്കം നല്‍കിയിരുന്ന ആക്രമണ മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചു.

കുവൈറ്റിലെ പ്രധാന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ ക്യാമ്പ് ആരിഫ്ജാന്‍, അലി അല്‍ സലേം എയര്‍ബേസ് എന്നിവയ്ക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. ഈ കേന്ദ്രങ്ങളിലെ യു.എസ് സൈന്യത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും തകര്‍ക്കാന്‍ സാധിച്ചതായി ഇറാന്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇറാന്റെ ആക്രമണത്തിന് തൊട്ടുപിന്നാലെ തന്നെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തെത്തി. ഇറാന്റെ 90 ഓളം കേന്ദ്രങ്ങളില്‍ തങ്ങള്‍ വന്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. പ്രധാന തീരദേശ മേഖലകളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ചാബഹാര്‍, ബുഷെഹര്‍, ഖുഷേം എന്നി മേഖലകളിലെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രോണ്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു യു.എസ് വ്യോമാക്രമണം.

ഇറാനെതിരെയുള്ള സൈനിക നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് യു.എസ് വ്യക്തമാക്കി. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഇറാന്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

അതേസമയം അമേരിക്കന്‍ ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങള്‍ അടിയറവ് പറയില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷയിലും ഗതാഗതത്തിലും എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ ഭരണകൂടം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.