പാരീസ്: മനുഷ്യജീവന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ദയാവധ ബിൽ സെനറ്റ് വീണ്ടും തള്ളി. പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് ക്രൈസ്തവ സമൂഹം അടക്കമുള്ള വിശ്വാസികൾ ഉയർത്തുന്നത്. ജൂലൈ ഏഴിന് നടന്ന വോട്ടെടുപ്പിൽ 164 നെതിരെ 169 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്.
'മരിക്കാനല്ല, അന്തസോടെ ജീവിക്കാനാണ് സഹായം വേണ്ടത്' എന്ന സുവിശേഷാധിഷ്ഠിത നിലപാടാണ് ഫ്രാൻസിലെ കത്തോലിക്കാ സഭ ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ദയാവധം എന്നത് മാനുഷികമായ സഹതാപമല്ല മറിച്ച് ദൈവത്താൽ ദാനമായി ലഭിച്ച ജീവന്റെ അന്തസുകെടുത്തുന്ന പ്രവൃത്തിയാണെന്ന് സഭ ഓർമ്മിപ്പിക്കുന്നു. പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് ഉൾപ്പെടെയുള്ള സഭാ നേതൃത്വം ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബില്ലിനെ എതിർക്കുന്നതിനൊപ്പം അതിന് കരുണാർദ്രമായ ഒരു ബദൽ മാർഗവും സഭ നിർദേശിക്കുന്നുണ്ട്. രോഗികളുടെ കടുത്ത ശാരീരിക വേദനകൾ കുറയ്ക്കാൻ സഹായിക്കുന്ന പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ രാജ്യവ്യാപകമായി കൂടുതൽ ശക്തമാക്കുക എന്നതാണ് ഇതിൽ പ്രധാനം. ജീവിതത്തിന്റെ അവസാന നാളുകളിൽ ഓരോ വ്യക്തിക്കും ആവശ്യമായ മെഡിക്കൽ, മാനസിക, ആത്മീയ പിന്തുണ ഉറപ്പാക്കുന്നതിലൂടെയാണ് യഥാർത്ഥ സാഹോദര്യം പ്രകടമാക്കേണ്ടതെന്ന് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് വ്യക്തമാക്കുന്നു. കഷ്ടത അനുഭവിക്കുന്നവരെ ഒഴിവാക്കുകയല്ല മറിച്ച് അവർക്ക് ഒപ്പം നടന്ന് ശുശ്രൂഷിക്കുക എന്നതാണ് യഥാർത്ഥ ക്രൈസ്തവ സാഹോദര്യമെന്നും അദേഹം ഓർമ്മിപ്പിക്കുന്നു.
സെനറ്റ് ബിൽ തള്ളിയെങ്കിലും ജൂലൈ 15 ന് നാഷണൽ അസംബ്ലിയിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിലൂടെ ഇത് നിയമമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ആശങ്കയോടെയാണ് ക്രൈസ്തവ വിശ്വാസികൾ നോക്കിക്കാണുന്നത്. മനുഷ്യ ജീവൻ മനപൂർവ്വം അവസാനിപ്പിക്കുന്നതിനെതിരെയുള്ള നിയമപരമായ വിലക്ക് നീക്കുന്നത് സമൂഹത്തിന്റെ ധാർമ്മിക അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുമെന്നും വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നു. ദൈവം നൽകിയ ജീവന്റെ സംരക്ഷണത്തിനായി പ്രാർത്ഥനയോടെയും ജാഗ്രതയോടെയും ഈ വിഷയത്തെ നോക്കിക്കാണേണ്ടിയിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.