ഹാനോയി: വിയറ്റ്‌നാമിലെ പ്രശസ്തമായ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 15 പേര്‍ മരണപ്പെട്ടു. കൊട്ടാരക്കര ആവിയോട്ട് ഹൗസില്‍ എ.സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരണപ്പെട്ടത്. കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ വിക്ടറി ഗ്രൂപ്പ് ഉടമയായ തോമസും ഭാര്യയും മൂന്ന് ദിവസം മുന്‍പാണ് വിയറ്റ്‌നാമിലേക്ക് വിനോദയാത്ര പുറപ്പെട്ടത്.
ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് 32 യാത്രക്കാരുമായി പുറപ്പെട്ട യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടല്‍ പ്രക്ഷുബ്ധമായതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടന്‍ തന്നെ കൊടിക്കുന്നില്‍ സുരേഷ് എംപി വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസിഡറുമായി ഫോണില്‍ സംസാരിച്ചു. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ എംബസി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അംബാസിഡര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ദുരന്തത്തില്‍ പ്രധാനമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ച അദേഹം, വിയറ്റ്‌നാം അധികൃതരുമായി സഹകരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ഇന്ത്യന്‍ എംബസിക്കും കോണ്‍സുലേറ്റിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ദുരന്തബാധിതരെ സഹായിക്കുന്നതിനും വിവരങ്ങള്‍ പങ്കുവെക്കുന്നതിനുമായി ഹാനോയിയിലെ എംബസിയിലും ഹോ ചി മിന്‍ സിറ്റിയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ഹോ ചി മിന്‍ സിറ്റിയിലെ കണ്‍ട്രോള്‍ റൂമിലേക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നി നമ്പറുകളിലും ഹാനോയിയിലെ കണ്‍ട്രോള്‍ റൂമിലേക്ക് +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.