ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന അതിക്രമങ്ങളെയും വിവേചനങ്ങളെയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി 'ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ' (ICC) പുതിയ ആഗോള റിപ്പോർട്ട് പുറത്തുവിട്ടു.
വിശ്വാസത്തിന്റെ പേരിൽ 388 ദശലക്ഷത്തിലധികം ക്രൈസ്തവർ കടുത്ത പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ആഗോളതലത്തിൽ ഏഴ് ക്രൈസ്തവ വിശ്വാസികളിൽ ഒരാൾ വീതം ഇത്തരത്തിൽ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് സംഘടനയുടെ ആഗോള പീഡന സൂചിക വ്യക്തമാക്കുന്നു.
ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കൊപ്പം ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ഏറ്റവും രൂക്ഷമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനം. നൈജീരിയ, നിക്കരാഗ്വേ, സിറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയെയും റിപ്പോർട്ട് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തീവ്രമായ മതദേശീയതാ പ്രവണതകൾ ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന ആക്രമണങ്ങൾക്ക് കാരണമാകുന്നതായും, മതസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണങ്ങളും ഭരണകൂട ഇടപെടലുകളും ക്രൈസ്തവ സമൂഹത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ സംഘടിതമായ ഭീകരവാദ ഇടപെടലുകളും അക്രമങ്ങളും ക്രൈസ്തവ വിശ്വാസികൾക്ക് നേരെ വർദ്ധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
ആഫ്രിക്ക, മധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നീ മേഖലകളിലെ സാഹചര്യം റിപ്പോർട്ടിൽ വിശദമായി വിലയിരുത്തിയിട്ടുണ്ട്. മതപരമായ അടിച്ചമർത്തലുകൾക്ക് പുറമെ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വിവേചനങ്ങളും ക്രൈസ്തവ സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ ലക്ഷക്കണക്കിന് ആളുകൾ ഇന്നും വലിയ വില നൽകേണ്ടിവരുന്ന യാഥാർഥ്യത്തെ ഈ വർഷത്തെ ആഗോള പീഡന സൂചിക വീണ്ടും ഓർമ്മിപ്പിക്കുകയാണെന്ന് ഐ.സി.സി പ്രസിഡന്റ് ഷോൺ റൈറ്റ് വ്യക്തമാക്കി.
എങ്കിലും കടുത്ത വെല്ലുവിളികൾ നിലനിൽക്കുമ്പോഴും സഭയുടെ വളർച്ച തുടരുകയാണെന്ന് റിപ്പോർട്ട് ശുഭപ്രതീക്ഷയോടെ വിലയിരുത്തുന്നു. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസവും അടിച്ചമർത്തലുകൾക്കെതിരായ ചെറുത്തുനിൽപ്പും കൂടുതൽ ശക്തിപ്പെടുകയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.