ബ്രിട്ടനിൽ 500 വർഷത്തെ ചരിത്രം തിരുത്തി കത്തോലിക്കാ പ്രധാനമന്ത്രി; ആന്റി ബേൺഹാം ഈ മാസം 20 ന് അധികാരമേൽക്കും

ബ്രിട്ടനിൽ 500 വർഷത്തെ ചരിത്രം തിരുത്തി കത്തോലിക്കാ പ്രധാനമന്ത്രി; ആന്റി ബേൺഹാം ഈ മാസം 20 ന് അധികാരമേൽക്കും

ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അര നൂറ്റാണ്ടിനുശേഷം ഒരു കത്തോലിക്കാ വിശ്വാസി പ്രധാനമന്ത്രി പദത്തിലേക്ക്. ഈ മാസം 20 ന് നടക്കുന്ന ചടങ്ങിൽ ആന്റി ബേൺഹാം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1550 കൾക്ക് ശേഷം ഇതാദ്യമായാണ് കത്തോലിക്കാ വിശ്വാസമുള്ള ഒരാൾ ബ്രിട്ടന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

ഇംഗ്ലണ്ടിലെ ഭരണാധികാരികൾ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിരിക്കണമെന്ന കീഴ്വഴക്കം ഹെന്റി എട്ടാമൻ രാജാവിന്റെ കാലം മുതൽ നിലനിന്നിരുന്നു. കത്തോലിക്കർക്ക് ഭരണാധികാരത്തിന് അർഹതയില്ലെന്ന നിയമം നൂറ്റാണ്ടുകളായി ബ്രിട്ടന്റെ നിയമപുസ്തകങ്ങളിലുണ്ട്.

ഇതിനെ മറികടന്നുള്ള ബേൺഹാമിന്റെ കടന്നുവരവ് വലിയൊരു ചരിത്രത്തിരുത്തലായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ തന്റെ കാലാവധിക്ക് ശേഷമാണ് കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി അംഗമായതെങ്കിൽ സജീവ വിശ്വാസിയായിരുന്നുകൊണ്ട് തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ബേൺഹാം.

അൾത്താര ബാലനായി സേവനമനുഷ്ഠിച്ച കുട്ടിക്കാലം മുതൽ സഭയുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആന്റി ബേൺഹാം. എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ അദേഹം പലപ്പോഴും സഭയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ ലിബറൽ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

സ്വവർഗ വിവാഹം, ഗർഭച്ഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ അദേഹത്തിന്റെ നിലപാടുകൾ സഭയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. എന്നിരുന്നാലും 'കത്തോലിക്കാ സാമൂഹിക പഠനങ്ങളാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം' എന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

1980 കളിലെ ലിവർപൂൾ ആർച്ച് ബിഷപ്പായിരുന്ന ഡെറക് വോർലോക്കിന്റെ സാമൂഹിക നീതിയെക്കുറിച്ചുള്ള ചിന്തകളാണ് ബേൺഹാമിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്. സാമൂഹിക അസമത്വങ്ങൾക്കെതിരെയും ദാരിദ്ര്യത്തിനെതിരെയും പോരാടാനുള്ള ആർച്ച് ബിഷപ്പിന്റെ നിലപാടുകൾ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കരുത്തേകിയെന്ന് അദേഹം വിശ്വസിക്കുന്നു.

പാർലമെന്റിൽ 'ജെറുസലേം ബൈബിളിൽ' തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച ബേൺഹാമിന്റെ ഈ പുതിയ തുടക്കം ബ്രിട്ടനിലെ രാഷ്ട്രീയ, മതപരമായ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ഈ അധികാരമാറ്റത്തെ ഉറ്റുനോക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.