ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സെപ്റ്റംബറില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ അദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നിയമ സാധ്യതകള്‍ തേടി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി.
ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് മംദാനിയുടെ ഈ നീക്കം. ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണെന്നും അദേഹത്തിന്റെ സ്ഥാനം ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണെന്നും താന്‍ വിശ്വസിക്കുന്നതായി മംദാനി പറഞ്ഞു. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനായി ന്യൂയോര്‍ക്ക് സിറ്റിയിലെ നിയമ സംവിധാനങ്ങള്‍ അനുവദിക്കുന്ന എല്ലാ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി നഗരത്തിലെ നിയമവിഭാഗവുമായി സജീവമായ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദേഹം അറിയിച്ചു.
തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ തേടുകയാണെന്ന മംദാനിയുടെ പ്രസ്താവനയോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ന്യൂയോര്‍ക്കിലെ റേഡിയോ അവതാരകനായ സിഡ് റോസന്‍ബെര്‍ഗിന്റെ ഷോയില്‍ സംസാരിക്കവെ, സൊഹ്‌റാന്‍ മംദാനിക്ക് രഹസ്യമായി 'അമേരിക്കയോട് വെറുപ്പാണ്' എന്ന് നെതന്യാഹു ആരോപിച്ചു.
അമേരിക്കന്‍ മൂല്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഒരേയൊരു ജനാധിപത്യ രാജ്യമായ ഇസ്രയേലിനെ അപലപിക്കുന്നത് അമേരിക്കയെ വെറുക്കുന്നതിന് തുല്യമാണെന്ന് അദേഹം പറഞ്ഞു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം മംദാനി ഹമാസിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നെതന്യാഹു വിമര്‍ശിച്ചു.
മംദാനിയുടെ അറസ്റ്റ് ഭീഷണി നിലനില്‍ക്കുമ്പോഴും വരുന്ന സെപ്റ്റംബറില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഒരു നഗരത്തിന്റെ മേയര്‍ക്ക് അന്താരാഷ്ട്ര നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ യാതൊരു നിയമപരമായ അധികാരവുമില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസഡര്‍ ഡാനി ഡാനോണ്‍, കോണ്‍സല്‍ ജനറല്‍ ഓഫിര്‍ അകുനിസ് എന്നിവര്‍ പ്രതികരിച്ചു.
മംദാനിയുടെ പ്രസ്താവനകള്‍ യാതൊരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും നെതന്യാഹു അഭിമാനത്തോടെ ന്യൂയോര്‍ക്കില്‍ എത്തി ലോകത്തിന് മുന്നില്‍ ഇസ്രയേലിന്റെ നിലപാടുകള്‍ വ്യക്തമാക്കുമെന്നും ഡാനി ഡാനോണ്‍ പറഞ്ഞു.
തന്റെ അധികാര പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടാതെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മംദാനി ശ്രമിക്കേണ്ടതെന്ന് കോണ്‍സല്‍ ജനറല്‍ ഓഫിര്‍ അകുനിസ് പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.