ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്‌സ് ഡിസീസ് വ്യാപിക്കുന്നു: നാല് മരണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്‌സ് ഡിസീസ് വ്യാപിക്കുന്നു: നാല് മരണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്‌സ് ഡിസീസ് വ്യാപനമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 76 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാര്‍നെഗീ ഹില്‍, യോര്‍ക്വില്ലെ ഭാഗങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളതെന്ന് ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.

ന്യുമോണിയ എന്ന ശ്വാസകോശാണു ബാധയുടെ തീവ്ര രൂപമാണ് ലീജനേഴ്‌സ് ഡിസീസ്. ലിജിയോനെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയയെ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്.

പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പുകവലിക്കുന്നവര്‍ എന്നിവരില്‍ രോഗ സാധ്യത കൂടുതലാണ്. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. അല്ലാത്തപക്ഷം ഗുരുതരമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.

ചികിത്സ വൈകിയാല്‍ ആരോഗ്യം പൊടുന്നനേ വഷളാകും. ശ്വാസകോശം തകരാറിലാകുന്നതാണ് അതില്‍ പ്രധാനം. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനും രക്തത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതാവും.

മറ്റൊന്ന് സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയാണ്. രക്തസമ്മര്‍ദത്തിന്റെ തോത് പെട്ടെന്ന് പാടേ കുറയുകയും ഇത് പ്രധാനപ്പെട്ട അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യും. മസ്തിഷ്‌കം, വൃക്ക എന്നീ അവയവങ്ങളേയാണ് പ്രധാനമായും ബാധിക്കുക. തല്‍ഫലമായി ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടി വരികയും അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും അതുവീണ്ടും രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യും.

ജൂലൈ 20 വരെ 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ഇതില്‍ ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്താനായി കൂളിംഗ് ടവറുകളും മറ്റ് ജല സംവിധാനങ്ങളും പരിശോധിച്ചു വരികയാണ്.

ലിജിയോനെല്ല ബാക്ടീരിയയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് രണ്ടുമുതല്‍ പത്ത് ദിവസത്തിനുള്ളിലാണ് രോഗം സ്ഥിരീകരിക്കുക. തലവേദന, പേശീവേദന, തീവ്രമായ പനി, ചുമ, ശ്വാസതടസം, നെഞ്ചുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.

ശ്വാസകോശത്തേയാണ് പ്രധാനമായും ബാധിക്കുകയെങ്കിലും ഹൃദയം ഉള്‍പ്പെടെയുള്ള മറ്റുഭാഗങ്ങളിലേക്കും പടരാനിടയുണ്ട്. ഇതേ ബാക്ടീരിയ തന്നെയാണ് പോണ്‍ടിയാക് ഫീവര്‍ എന്ന രോഗത്തിലേക്കും നയിക്കുന്നത്. എന്നാല്‍ പോണ്‍ടിയാക് ഫീവര്‍ ഉള്ളവരില്‍ പനി, വിറയല്‍, തലവേദന, സന്ധിവേദന തുടങ്ങിയവ മാത്രമാണ് ഉണ്ടാവുക. അത് ശ്വാസകോശത്തെ ബാധിക്കാറില്ലെന്ന് മാത്രമല്ല ഒരാഴ്ചയ്ക്കുള്ളില്‍ ഭേദമാവുകയും ചെയ്യും.

നേരത്തേയും നിരവധി തവണ ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്‌സ് ഡിസീസ് വ്യാപനമുണ്ടായിട്ടുണ്ട്. 2015 ല്‍ സൗത്ത് ബ്രോന്‍ക്‌സില്‍ ഉണ്ടായ വ്യാപനത്തില്‍ 138 പേര്‍ രോഗ ബാധിതരാവുകയും 16 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഹാര്‍ലെമിലുണ്ടായ വ്യാപനത്തില്‍ എഴുപത് പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.