വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സി.ഐ.എ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയുടെ ഇടപെടലുണ്ടായോ എന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം നടത്തേണ്ട ലക്ഷ്യ സ്ഥാനം സംബന്ധിച്ച വിവരങ്ങളോ നൂതന ഡ്രോണ്‍ സാങ്കേതിക വിദ്യയോ നല്‍കി യുദ്ധത്തില്‍ റഷ്യ ഇറാനെ സഹായിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ആക്രമണങ്ങളില്‍ റഷ്യയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും, ആക്രമണങ്ങളുടെ കൃത്യതയും ഫല പ്രാപ്തിയും ഒപ്പം ഇറാനുമായുള്ള റഷ്യയുടെ വിപുലമായ സാങ്കേതിക സഹകരണവും റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ച സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളില്‍ റഷ്യ ഇറാന് ചില നിര്‍ണായക വിവരങ്ങളും മറ്റ് പിന്തുണയും നല്‍കിയിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ സി.ഐ.എ കേന്ദ്രങ്ങള്‍ക്കേറ്റ ആക്രമണങ്ങളെ റഷ്യ പിന്തുണച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സിന്റെ അന്വേഷണം ഇതുവരെ പുറത്തു വിട്ടിരുന്നില്ല.
ആക്രമണത്തില്‍ ഇറാന്റെ ഷാഹിദ് ഡ്രോണുകളുടെ പരിഷ്‌കരിച്ച റഷ്യന്‍ പതിപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ച പശ്ചിമേഷ്യയിലെ യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോര്‍ദാനിലെ യു.എസ് വ്യോമ താവളത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷമാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് സൈനിക ബാരക്കുകള്‍ തകര്‍ക്കുകയും രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തത്.
ഇതോടെ റഷ്യ ഇറാന് ആക്രമണ ലക്ഷ്യങ്ങളെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നുണ്ടാകാം എന്ന ആശങ്കകള്‍ കൂടുതല്‍ ശക്തമായി. അതേസമയം ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ ദൗത്യ സംഘവും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഇറാന്റെ തദ്ദേശീയമായി നിര്‍മിച്ചവയെ അപേക്ഷിച്ച് വളരെ കൃത്യതയുള്ളതും ജാം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ കൊമേറ്റ-എം സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം നല്‍കിക്കൊണ്ട് റഷ്യ ഇറാന്റെ ഷാഹിദ്-136 ഡ്രോണുകളുടെ കൃത്യത മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. റഷ്യ ഇറാന് കൊമേറ്റ-എം നല്‍കിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ് ക്രെംലിന്‍ തള്ളിക്കളയുകയായിരുന്നു.
റഷ്യയും ഇറാനും തമ്മിലുള്ള ശക്തവും തന്ത്രപരവുമായ പങ്കാളിത്തം കണക്കിലെടുക്കുമ്പോള്‍ സി.ഐ.എ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാന്‍ ടെഹ്‌റാനെ മോസ്‌കോ സഹായിക്കുന്നതില്‍ അതിശയിക്കാനില്ലെന്ന് മുന്‍ സി.ഐ.എ സ്റ്റേഷന്‍ ചീഫും രഹസ്യാനേഷണ ഓപ്പറേഷന്‍ ഓഫീസറുമായ ഡാനിയല്‍ ഹോഫ്മാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.