ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈലാക്രമണം: ജീവനക്കാരായ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈലാക്രമണം: ജീവനക്കാരായ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലിന് നേരെ മിസൈല്‍ ആക്രമണം. 29 അടിയന്തര ജീവനക്കാരുള്‍പ്പെടെ 30 പേരുമായി സഞ്ചരിക്കുകയായിരുന്ന ദിശ എന്ന എല്‍.പി.ജി ടാങ്കര്‍ കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലെ എന്‍ജിന്‍ റൂമിന് മിസൈലേറ്റതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടാവുകയും കപ്പലിന്റെ നിയന്ത്രണം താല്‍കാലികമായി നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ കപ്പലിലുള്ള എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു.

വി.എച്ച്.എഫ് മാരിടൈം റേഡിയോ ചാനല്‍ വഴി ലഭിച്ച അപായ സന്ദേശത്തിന്റെ ശബ്ദരേഖയെ ആധാരമാക്കിയാണ് ആക്രമണ വിവരം ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആദ്യം പുറത്തുവിട്ടത്. യു.എസ് ഉപരോധം മറികടന്ന് ഇറാനിയന്‍ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയ കപ്പലിനാണ് ആക്രമണം നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവില്‍ ആരും ഏറ്റെടുത്തിട്ടില്ല.

യു.എസും ഇറാനും തമ്മില്‍ ആക്രമണങ്ങള്‍ പുനരാരംഭിച്ചതോടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വീണ്ടും തടസപ്പെടുത്തുകയും പിന്നാലെ യു.എസ് നാവിക ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മേഖലയിലെ സംഘര്‍ഷാവസ്ഥ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. മേഖലയില്‍ ഉണ്ടായ കടലാക്രമണങ്ങളില്‍ മുന്‍പ് രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, ഹോര്‍മുസ് വഴിയുള്ള കപ്പലുകളില്‍ ഇന്ത്യന്‍ നാവികരെ നിയോഗിക്കരുതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഷിപ്പിങ് കമ്പനികള്‍ക്ക് കശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഗോള ഷിപ്പിങ് മേഖലയില്‍ ഏറ്റവും കൂടുതല്‍ നാവികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവില്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് നാവികരില്‍ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇറാന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ഈ മേഖലയെന്ന് അവര്‍ അവകാശപ്പെടുമ്പോഴും, ഒമാന്‍ തീരത്ത് കൂടി നീങ്ങുന്ന കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

അതിനിടെ ഇറാന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ വിദേശ ആസ്തികള്‍ ഉപയോഗിച്ച് കപ്പലുകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇറാന്‍ രംഗത്തെത്തി. വിദേശ രാജ്യങ്ങളില്‍ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ പതിനായിരം കോടി ഡോളറോളം വരുന്ന ആസ്തികള്‍ പിടിച്ചെടുക്കാനുള്ള നീക്കം പ്രകോപനപരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സമാധാന ചര്‍ച്ചകളില്‍ ഈ ആസ്തികള്‍ വിട്ടുകിട്ടണമെന്നത് ഇറാന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.