നിരീക്ഷണ ഡ്രോണുകളിലെ ക്യാമറകള്‍ ചൈനയ്ക്ക് ഡാറ്റ കൈമാറിയത് അറിഞ്ഞില്ല; പ്രതിസന്ധിയിലായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

നിരീക്ഷണ ഡ്രോണുകളിലെ ക്യാമറകള്‍ ചൈനയ്ക്ക് ഡാറ്റ കൈമാറിയത് അറിഞ്ഞില്ല;  പ്രതിസന്ധിയിലായി  ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം

ലണ്ടന്‍: ബ്രിട്ടനിലെ റോയല്‍ മറൈന്‍സ് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ ഒരു ചൈനീസ് ഐപി വിലാസത്തിലേക്ക് നിര്‍ണായക ഡാറ്റകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ഇതോടെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ആ ക്യാമറകളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചതായി 'ദി ഡെയിലി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു.

കെ3 സ്‌കൗട്ട് എന്ന നിരീക്ഷണ ഡ്രോണുകളില്‍ ഉപയോഗിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഡാറ്റ ചോര്‍ത്തിയിട്ടുള്ളത്. പ്രതിരോധ കരാറുകാരായ ക്രാക്കന്‍ ടെക്നോളജി ഗ്രൂപ്പാണ് ഡ്രോണിന്റെ ഘടകങ്ങള്‍ വാങ്ങിയത്. ഡ്രോണിലെ ക്യാമറകള്‍ ചൈനയില്‍ നിര്‍മ്മിച്ചതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്യാമറകള്‍ ഒരു ചൈനീസ് ഐപി വിലാസവുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം കണ്ടെത്തുകയും തുടര്‍ന്ന് അവയുടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വിച്ഛേദിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപകരണം പ്രവര്‍ത്തന ക്ഷമമാണെന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സിഗ്നലുകളായ 'ഹാര്‍ട്ട്ബീറ്റ് കമ്മ്യൂണിക്കേഷന്‍സ്' ക്യാമറകള്‍ അയക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത് എന്നാണ് വിവരം.

അതിനിടെ, ഡാറ്റയോ സിസ്റ്റങ്ങളോ ആക്സസ് ചെയ്യപ്പെട്ടതായോ സുപ്രധാന വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതായോ കണ്ടെത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു.

റോയല്‍ നേവി ഉപയോഗിക്കുന്ന ക്രാക്കന്‍ കപ്പലിന്റെ സബ് സിസ്റ്റത്തെ ബാധിക്കുന്ന ഒരു പ്രശ്നം പതിവ് സൈബര്‍ സുരക്ഷാ പരിശോധനയ്ക്കിടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.

സൈനിക ഉപകരണങ്ങള്‍, നെറ്റ് വര്‍ക്കുകള്‍, ഡാറ്റ എന്നിവയുടെ സുരക്ഷ അതീവ ഗൗരവമായാണ് കാണുന്നത്. സുരക്ഷാ വീഴ്ചകള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്ന തരത്തിലാണ് പരിശോധനാ നടപടിക്രമങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വക്താവ് പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.