നാറ്റോയെയും യൂറോപ്യന്‍ യൂണിയനെയും ശിഥിലമാക്കാന്‍ റഷ്യന്‍ നീക്കം; സൈന്യത്തിന് രഹസ്യ നിര്‍ദേശം നല്‍കി പുടിന്‍

നാറ്റോയെയും യൂറോപ്യന്‍ യൂണിയനെയും ശിഥിലമാക്കാന്‍ റഷ്യന്‍ നീക്കം; സൈന്യത്തിന് രഹസ്യ നിര്‍ദേശം നല്‍കി പുടിന്‍

മോസ്‌കോ: നാറ്റോയെയും യൂറോപ്യന്‍ യൂണിയനെയും ശിഥിലമാക്കാന്‍ ലക്ഷ്യമിട്ട് റഷ്യ. ഇതിനായി ആവശ്യമായ നീക്കങ്ങള്‍ നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈന്യത്തോടും രഹസ്യാന്വേഷണ ഏജന്‍സികളോടും നിര്‍ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2025 ല്‍ ഡിസംബറില്‍ നടന്ന ഒരു രഹസ്യ യോഗത്തിലാണ് പുടിന്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ലക്ഷ്യം നേടാനായി റഷ്യ ഒരു ദ്വിമുഖ തന്ത്രമാണ് രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നാറ്റോ കൂട്ടായ്മയുടെ പ്രതിരോധ പ്രതിബദ്ധതകള്‍ പരീക്ഷിക്കുന്നതോടൊപ്പം മോള്‍ഡോവയെ രാഷ്ട്രീയമായും ഭൗതികമായും അസ്ഥിരപ്പെടുത്തുക എന്നതാണ് പദ്ധതി. ഉക്രെയ്‌നും നാറ്റോ അംഗരാജ്യമായ റൊമാനിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന 24 ലക്ഷം ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് മോള്‍ഡോവ.

ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി സൈബര്‍ ആക്രമണങ്ങളും അടിസ്ഥാന സൗകര്യ അട്ടിമറികളും മുതല്‍ സായുധ സംഘങ്ങളെ ഉപയോഗിച്ച് നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറ്റങ്ങള്‍ വരെ ഉണ്ടായേക്കാമെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. നാറ്റോയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് തുനിയാതെ, യൂറോപ്പിനെ കൂടുതല്‍ അസ്ഥിരപ്പെടുത്താന്‍ മോള്‍ഡോവയെ ആയുധമാക്കാനാണ് റഷ്യ നീക്കം നടത്തുന്നത്.

യുദ്ധം വര്‍ഷങ്ങള്‍ നീണ്ടെങ്കിലും ഉക്രെയ്ന്‍ പിടിച്ചെടുക്കുക എന്നതാണ് പുടിന്റെ പ്രധാന ലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യമാണ് മോള്‍ഡോവയുടെ മേലുള്ള നിയന്ത്രണം. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് മോള്‍ഡോവയിലേക്ക് നേരിട്ടുള്ള കരപാത നിര്‍മിക്കുന്നതിനായി തെക്കന്‍ ഉക്രെയ്ന്‍ പിടിച്ചെടുക്കുന്നത് പുടിന്റെ ദീര്‍ഘകാല പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോള്‍ഡോവയ്ക്കുള്ളിലെ വിഘടനവാദി പ്രദേശമായ ട്രാന്‍സ്നിസ്ട്രിയയില്‍ ദശാബ്ദങ്ങളായി റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാന്നിധ്യം തലസ്ഥാനമായ ചിസിനാവിലേക്ക് വളരെ എളുപ്പത്തില്‍ ആക്രമണം നടത്താന്‍ റഷ്യയെ സഹായിക്കും. ഇതിനെ എളുപ്പമാക്കാനായാണ് ഉക്രെയ്‌ന്റെ തെക്കന്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ തയ്യാറാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രെയ്‌ന്റെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് മോള്‍ഡോവ സ്ഥിതി ചെയ്യുന്നത്. മോള്‍ഡോവയില്‍ നിയന്ത്രണം ലഭിച്ചാല്‍ ഉക്രെയ്‌നിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഒഡെസയെ പുറകിലൂടെ ആക്രമിക്കാനും വളയാനും റഷ്യക്ക് എളുപ്പമാകും.

നാറ്റോ അംഗരാജ്യമായ റൊമാനിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മോള്‍ഡോവ. റഷ്യ അവിടെ സ്വാധീനം ഉറപ്പിച്ചാല്‍ നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിയിലേക്ക് നേരിട്ട് സൈനിക സാന്നിധ്യം വ്യാപിപ്പിക്കാനും റഷ്യക്ക് കഴിയും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.